NationalTop News

മാധബി പുരി ബുച്ച് ഇന്ന് പടിയിറങ്ങും; സെബിയുടെ പുതിയ മേധാവിയായ തുഹിൻ കാന്ത പാണ്ഡെ ആരാണ്? അറിയേണ്ടതെല്ലാം

Spread the love

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ കേന്ദ്ര സർക്കാർ‌ നിയമിച്ചു. നിലവിലെ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. മാർച്ച് 1 ശനിയാഴ്ച അവധിയായതിനാൽ പുതിയ മേധാവി തിങ്കളാഴ്ച മാത്രമേ ചുമതലയേൽക്കൂ.

കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ‌ സെക്രട്ടറിയുമായ തുഹിൻ കാന്ത പാണ്ഡെ 1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുൻപ് സർക്കാർ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഓഹരിവിപണിയുടെ ഭാഗമാക്കിയത് ഇദ്ദേഹം ഡിപാം സെക്രട്ടറിയായിരുന്ന കാലത്താണ്.

അതേസമയം ഇതുവരെ രാജ്യത്ത് മറ്റൊരു സ്ത്രീക്കും അവകാശപ്പെടാനില്ലാതിരുന്ന നേട്ടത്തോടെയും വിശേഷണങ്ങളോടെയും സെബിയുടെ തലപ്പത്തെത്തിയ മാധബി പുരി ബുച്ച്, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൽ അഴിമതി ആരോപണം നേരിട്ട ശേഷമാണ് പടിയിറങ്ങുന്നത്. എന്നാൽ സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി തുടങ്ങിയ നേട്ടങ്ങളോടെയാണ് മാധബി പടിയിറങ്ങുന്നത്.