KeralaTop News

വെഞ്ഞാറമൂട് കൂട്ട കൊലപാതകം; പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും

Spread the love

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാനെ ഇന്ന് റിമാൻഡ് ചെയ്യും. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് 4.30ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തും. മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലോ, ജയിലിലെ ആശുപത്രിയിലേക്കോ അഫാനെ മാറ്റുന്ന കാര്യം മജിസ്‌ട്രേറ്റ് ആയിരിക്കും തീരുമാനിക്കുക. പ്രതിയുടെ മാനസിക ആരോഗ്യ- നില റിപ്പോർട്ട്‌ കൂടി പരിശോധിച്ചാകും തീരുമാനം.

അതേസമയം, അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് ഉണ്ടാകില്ല. തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശ്ശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.

കൊലപാതകത്തിന് ശേഷം ഇവരുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ ലത്തീഫ്, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെയും അവസാനം സഹോദരനെയും കൊലപ്പെടുത്തിയതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.