KeralaTop News

‘തരൂരിന് ബിജെപിയിലേക്ക് സ്വാഗതം, എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്’; പദ്മജ വേണുഗോപാൽ

Spread the love

ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ശശി തരൂർ ആണെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്നും പദ്മജ വേണുഗോപാൽ വിമർശിച്ചു.

അതേസമയം ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന് ശശി തരൂർ പറഞ്ഞു. കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം. സുധാകരന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തൻറെ ആഗ്രഹം. അതിന് കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.