മര്‍ക്കട മുഷ്ടിയെന്ന് എന്നെപ്പറ്റി പറഞ്ഞ ചെറുപ്പക്കാരനോട് സഹതാപം മാത്രം, പൊളിറ്റിക്കല്‍ ക്രിമിനലിസത്തില്‍ ട്രെയിന്‍ ചെയ്യപ്പെട്ടവര്‍ പറയിപ്പിച്ചതാണ്: ജി സുധാകരന്‍
സിപിഐഎം പ്രായപരിധി നിബന്ധനയില്‍ പിണറായി വിജയന് ഇളവ് തുടരുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജി സുധാകരന്‍. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള യോഗ്യരായ ആളുകള്‍ക്ക് ഇളവ് നല്‍കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്ന് ജി സുധാകരന്‍ പറഞ്ഞു. പ്രായമല്ല യോഗ്യതയാണ് മാനദണ്ഡമായി പരിഗണിക്കേണ്ടതെന്ന് തെളിഞ്ഞെന്നും പ്രായത്തിന്റെ പേരില്‍ നേതാക്കള്‍ക്ക് വിലങ്ങിടുന്നത് ജനങ്ങള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നും ജി സുധാകരന്‍ പറഞ്ഞു
പാര്‍ട്ടിയില്‍ 62 വര്‍ഷത്തോളം പ്രവര്‍ത്തിച്ച തന്നെ ഒരു ഡിവൈഎഫ്‌ഐ നേതാവ് മര്‍ക്കടമുഷ്ടിയെന്നാണ് പരാമര്‍ശിച്ചതെന്നും ഇതില്‍ പരാതിയൊന്നുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലിസത്തില്‍ ട്രെയിന്‍ ചെയ്യപ്പെട്ടവരാണ് ഈ ചെറുപ്പക്കാരെ കൊണ്ട് ഇതെല്ലാം പറയിക്കുന്നത്. തനിക്ക് ആ ചെറുപ്പക്കാരനോട് സഹതാപം മാത്രമേ തോന്നിയുള്ളൂ. ഗുരുത്വമില്ലാത്തവനെന്ന് കേള്‍ക്കേണ്ടി വന്നില്ലേ? വെടക്കാക്കി തനിക്കാക്കുന്ന ആരോ ഉണ്ട് ആലപ്പുഴയില്‍. ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും സുധാകരന്‍ പറഞ്ഞു.
ജി സുധാകരന്‍ ആലപ്പുഴയിലെ നേതാക്കളെ വളരാന്‍ അനുവദിച്ചില്ലെന്ന വിമര്‍ശനത്തിനും കടുത്ത ഭാഷയില്‍ ജി സുധാകരന്‍ മറുപടി പറഞ്ഞു. പിന്നെ ആലപ്പുഴയില്‍ ഇപ്പോഴുള്ള നേതാക്കള്‍ എങ്ങനെ വളര്‍ന്നവരാണെന്ന് അദ്ദേഹം ചോദിച്ചു. താന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോള്‍ പ്രസിഡന്റാക്കിയത് എം എ ബേബിയെയാണ്. അദ്ദേഹമിപ്പോള്‍ പോളിറ്റ് ബ്യൂറോ വരെയെത്തി. ഇപ്പോള്‍ തന്റെ കഴിവുകള്‍ ജില്ലാ കമ്മിറ്റി പ്രയോജനപ്പെടുത്തുന്നതായി തനിക്ക് തോന്നുന്നില്ലെന്നും എങ്കിലും താന്‍ പൊതുപരിപാടികളില്‍ സജീവമാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.