KeralaTop News

അഫാൻ 72 മണിക്കൂർ നിരീക്ഷണത്തിൽ; ഇന്ന് ചോദ്യം ചെയ്യില്ല, ഷെമീന കണ്ണു തുറന്ന് മക്കളെന്ന് ചോദിച്ചുവെന്ന് എംഎൽഎ

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫ്നാൻ്റെ ഉമ്മ ഷെമീനയെ ആശുപത്രിയിൽ സന്ദർശിച്ച് ഡികെ മുരളി എംഎൽഎ. ചികിത്സയിലുള്ള ഷെമീനയെ കണ്ടുവെന്നും കണ്ണ് തുറന്നുവെന്നും എംഎൽഎ പറഞ്ഞു. ഷെമിക്ക് സംസാരിക്കാനാകുന്നുണ്ടെന്നും മക്കൾ എന്ന് പറയുന്നുണ്ടെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

പ്രതി കൊടുത്ത പ്രാഥമിക മൊഴി മാത്രമാണ് മുന്നിൽ ഉള്ളത്. പിതാവിന്റെ വിദേശത്തെ വരുമാനം നിലച്ചു. കടം ചോദിച്ചവർ മോശമായി പെരുമാറി. കൂട്ട ആത്മഹത്യക്ക് തയാറെടുത്തു എന്നാണ് പ്രതി പറയുന്നത്. മരിച്ചില്ലെങ്കിലോ എന്ന് കരുതി കൊന്നു. ഇതൊക്കെ പ്രതി പറയുന്നതാണെന്നും എംഎൽഎ പറഞ്ഞു. ഷെമി മക്കളെ അന്വേഷിക്കുന്നുണ്ട്. കട്ടിലിൽ നിന്ന് മറിഞ്ഞു വീണതാണെന്ന് ഷെമീന ആരോടോ പറഞ്ഞതായി ഡോക്ടർമാർ പറയുന്നു. ഇതിൽ വ്യക്തതയില്ല. സംഭവിച്ചത് എന്തെന്ന് ഷെമീനയ്ക്ക് മനസിലായിട്ടില്ലെന്നും ഡികെ മുരളി എംഎൽഎ പറഞ്ഞു. അതേസമയം, ഫർസാനയുടെ അച്ഛനെ വീണ്ടും ആശുപത്രിയിലാക്കി. ഫർസാനയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഷെമീനയുടെ ആരോഗ്യനില പരിശോധിക്കാൻ പൊലീസ് ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യനില അനുസരിച്ച് മൊഴിയെടുക്കലിൽ തീരുമാനമുണ്ടാവും. ചികിത്സയിലുള്ള ഷെമീനയുടെ മെഡിക്കൽ രേഖകൾ വെഞ്ഞാറമൂട് എസ്എച്ച്ഒ പരിശോധിച്ചു. ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമെങ്കിൽ നാളെ മൊഴിയെടുക്കും. അതേസമയം, അഫാൻ 72 മണിക്കൂർ നിരീക്ഷണത്തിലാണ്. അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കില്ല.