KeralaTop News

ആശാവര്‍ക്കര്‍മാരുടെ സമരം ഏറ്റെടുക്കും; കോണ്‍ഗ്രസ്

Spread the love

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിച്ചിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു.

ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. മാര്‍ച്ച് 3തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി തല്‍സ്ഥാനത്ത് സിപിഎം അനുഭാവികളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവ്, മുടങ്ങിക്കിടക്കുന്ന തുച്ഛമായ ഓണറേറിയവും ഇന്‍സെന്റീവും നല്‍കുക, വിമരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാമെന്ന് കരുതണ്ട.ആ നടപടിയെ എന്തുവില കൊടുത്തും കോണ്‍ഗ്രസ് ചെറുക്കും.
പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ശമ്പള വര്‍ധനവും ഡല്‍ഹിയിലെ കേരള പ്രതിനിധിക്ക് വാര്‍ഷിക യാത്രാ ബത്തയും വര്‍ധിപ്പിച്ച സര്‍ക്കാര്‍ അതിജീവന സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടിക്കുകയാണ് – എം.ലിജു വ്യക്തമാക്കി.