‘പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലത്തെത്തി, കഥയറിയാതെ ആട്ടം കാണരുത്, ആനി രാജ എത്ര വട്ടം വയനാടെത്തി?’ തിരിച്ചടിച്ച് ടി സിദ്ദിഖ്
വയനാട് ദുരന്തവിഷയത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടി സിദ്ദിഖ്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം നേരിട്ട് സന്ദര്‍ശിച്ചെന്നും ആനി രാജ കഥയറിയാതെ ആട്ടം കാണുകയാണെന്നും സിദ്ദിഖ് തിരിച്ചടിച്ചു. പ്രിയങ്ക ഗാന്ധി ദുരന്തബാധിതരെ നേരില്‍ കണ്ട് സംസാരിച്ചതാണ്. ആനി രാജ എത്ര തവണ വയനാട് സന്ദര്‍ശിച്ചിട്ടുണ്ടെന്നും ടി സിദ്ദിഖ് ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കത്ത് മാത്രമാണ് പ്രിയങ്ക ഗാന്ധി അയച്ചത് എന്ന ആനി രാജയുടെ പ്രസ്താവന ശരിയായില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഭാരണാധികാരികളെ സമ്മര്‍ദ്ദപ്പെടുത്താനുള്ള ഉപാധിയാണ് കത്തുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ വിഷയത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ടി സിദ്ദിഖ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ പരീക്ഷിക്കുകയാണ് എന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ദുരന്തബാധിതര്‍ സങ്കീര്‍ണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഉത്തരവാദിത്വം നിറവേറ്റാതെയാണ് ഇരു സര്‍ക്കാരുകളും മുന്നോട്ടുപോകുന്നത്. ദുരന്തബാധിതര്‍ എടുത്ത ലോണിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒന്നും പറയുന്നില്ല. അടിയന്തര സഹായം നല്‍കുന്നതിനുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. പ്രാഥമികമായി വേണ്ടത് ദുരിതബാധിതരുടെ ലിസ്റ്റ് ആണ്. ഇതുവരെ ഈ ലിസ്റ്റ് പോലും തയ്യാറാക്കിയിട്ടില്ലെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി.
ദുരിതബാധിതര്‍ ഇന്നു മുന്നോട്ടുപോകുന്നത് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. പുനരധിവാസം സംബന്ധിച്ച സര്‍ക്കാര്‍ ഇനിയും ഒന്നും വ്യക്തമാക്കിയിട്ടില്ല. നിരവധി ലോണുകള്‍ ദുരിതബാധിതര്‍ എടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ ആണ് ശ്രമിക്കേണ്ടത്. ദുരന്തബാധിതരുടെ ഇന്നത്തെ ജീവിതം വിഷമകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.