SportsTop News

രഞ്ജി ട്രോഫി ഫൈനല്‍: കിരീടപ്പോരാട്ടത്തിന് മുമ്പ് നി‍ണായക തീരുമാനമെടുത്ത് വിദര്‍ഭ; ജയിച്ച ടീമിനെ നിലനിർത്തി

Spread the love

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ നാളെ കേരളത്തെ നേരിടാനിറങ്ങുന്ന വിദര്‍ഭ സെമിയില്‍ മുംബൈയെ വീഴ്ത്തിയ 17 അംഗ ടീമിനെ നിലനിര്‍ത്തി. തിങ്കളാഴ്ച ചേര്‍ന്ന വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

അക്ഷയ് വാഡ്കറുടെ നേതൃത്വത്തിലിറങ്ങുന്ന ടീം ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാതെയാണ് ഫൈനലിലെത്തിയത്. സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്‍സിന് തകര്‍ത്തായിരുന്നു വിദര്‍ഭ രഞ്ജി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. കഴിഞ്ഞ വര്‍ഷം വിദര്‍ഭയെ തോല്‍പ്പിച്ചായിരുന്നു മുംബൈ രഞ്ജി ട്രോഫിയിലെ 42-ാം കിരീടം നേടിയത്.
വിദര്‍ഭയെപ്പോലെ ടൂര്‍ണമെന്‍റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളവും ആദ്യ രഞ്ജി ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റണ്ണിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും സെമിയില്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമാണ് കേരളത്തിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.
കേരളത്തിന്‍റെ ആദ്യ രഞ്ജി ഫൈനലാണിതങ്കില്‍ വിദര്‍ഭ നാലാം തവണയാണ് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുന്നത്. 2017-2018ലും, 2018-2019ലും കിരീടം നേടിയിട്ടുള്ള വിദര്‍ഭയുടെ ബാറ്റിംഗ് നിരയില്‍ യാഷ് റാത്തോഡ് ആണ് കേരളത്തിന് ഏറ്റവും വലിയ ഭീഷണിയാകുക എന്നാണ് കരുതുന്നത്. ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് റാത്തോഡ്. സെമിയില്‍ മുംബൈക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ 54ഉം രണ്ടാം ഇന്നിംഗ്സില്‍ 151 റണ്‍സടിച്ച് 24കാരനായ റാത്തോഡ് തിളങ്ങിയിരുന്നു.

ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെ നേരിടുക എന്നതായിരിക്കും കേരളം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി. ഈ സീസണില്‍ മാത്രം ഏഴ് തവണ അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷ് ദുബെ 70 മെയ്ഡന്‍ ഓവറുകളുമെറിഞ്ഞു.