KeralaTop News

തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല

Spread the love

ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നയിരുന്നു ഉത്തരവ്.

റെഗുലര്‍ ശബള ബില്ലിന്റെ കൂടെ എഴുതരുതെന്നായിരുന്നു ഉത്തരവ്. മാനേജ്‌മെന്റ് നിക്കത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങാന്‍ ടിഡിഎഫ് തീരുമാനിച്ചിരുന്നു. ഉടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു നീക്കം. കഴിഞ്ഞ ദിവസം ചീഫ് ഓഫീസിനു മുന്നില്‍ വിവാദ ഉത്തരവ് ടിഡിഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ചട്ടപ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം.

12 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു 24 മണിക്കൂര്‍ സമരം നടത്തിയത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതായിരുന്നു പ്രധാന സമരാവശ്യം. ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന ആവശ്യങ്ങള്‍. സമരം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ വന്നതോടെ പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു.