ആശാവർക്കേഴ്സിന്റെ സമരം പതിനഞ്ചാം ദിവസത്തിലേക്ക്; യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും. ഉയർത്തിയിരിക്കുന്ന ആവശ്യങ്ങൾ നൂറു ശതമാനം ശരിയാണ്. അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞെന്ന് സമരക്കാർ പറയുന്നു. ഇനി സർക്കാർ വിഷയത്തിൽ തീരുമാനം എടുക്കണമെന്നും പരിഗണിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
സർക്കാരാണ് വേതനം നൽകാത്തത്. ആ വേതനം നൽകാത്ത സർക്കാർ 24 മണിക്കൂറും സർക്കാരിന് പ്രവർത്തിക്കുന്ന തങ്ങൾക്കെതിരെ എന്ത് പ്രതികാരം ചെയ്യാനാണെന്ന് സമരക്കാർ ചോദിക്കുന്നു. പ്രതികാര നടപടി പ്രതീക്ഷിക്കുന്നില്ലെന്നും അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ ആശമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു അത്രമാത്രമേയുള്ളൂവെന്ന് സമരക്കാർ വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം. 26000 ആശാവർക്കർമാരിൽ ആരൊക്കെയാണ് സമരത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താനാണ് സർക്കാർ ശ്രമം. ആശാവർക്കർമാർക്ക് മൂന്നുമാസ കുടിശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാർ. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് അറിയിച്ചിരുന്നു.