അടിമത്വ മനോഭാവമുള്ളവരാണ് ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നത്’; മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി
മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി. അടിമത്വ മനോഭാവമുള്ളവരാണ് ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വിഭാഗം നേതാക്കള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് മോദി വിമര്‍ശിച്ചു. മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും വലിയ പരിപാടി സ്വാഭാവികമായും എല്ലാവരെയും അത്ഭുതപ്പെടുത്തും. ഐക്യത്തിന്റെ പ്രതീകമായി ഭാവി തലമുറയെ ഇത് പ്രചോദിപ്പിക്കുന്നത് തുടരും. മതത്തെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന നേതാക്കളുണ്ട്. പലപ്പോഴും വിദേശ ശക്തികളും ഈ ശക്തികളെ പിന്തുണച്ചുകൊണ്ട് രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം അടിമത്വ മനോഭാവത്തിലേക്ക് വീണുപോയവര്‍ നമ്മുടെ വിശ്വാസം, ദൈവഭക്തി, ക്ഷേത്രങ്ങള്‍, മതം, സംസ്‌കാരം, മൂല്യങ്ങള്‍ എന്നിവയെ ആക്രമിച്ചുകൊണ്ടേയിരിക്കും – അദ്ദേഹം വ്യക്തമാക്കി.
സ്വാഭാവികമായുള്ള പുരോഗമനപരമായ വിശ്വാസത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നു. സമൂഹത്തെ വിഭജിക്കുകയും ഐക്യം തകര്‍ക്കുകയുമാണ് അവരുടെ അജണ്ട. മഹാ കുഭമേള വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം അവിടെയെത്തി ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തി അനുഗ്രഹം തേടി – അദ്ദേഹം പറഞ്ഞു.
യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശം വിവാദമായിരുന്നു. പ്രയാഗ്രാജില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടുന്നില്ല. മരണപ്പെട്ടവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാള്‍ നിയമസഭയില്‍ മമത പറഞ്ഞു. ഈ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. നേരത്തെ ഗംഗാ നദിയില്‍ മുങ്ങുന്നത് കൊണ്ട് ദാരിദ്ര്യം മാറില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു വിമര്‍ശനം.