NationalTop News

ഇല്ലാത്ത വകുപ്പിനൊരു മന്ത്രി! പഞ്ചാബിൽ AAP മന്ത്രി 20 മാസം ഭരിച്ചത് ഇല്ലാത്ത വകുപ്പ്

Spread the love

പഞ്ചാബിലെ ആം ആദ്മി പാർട്ടി മന്ത്രി കുൽദീപ് സിങ് ധലിവാൾ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. ഗസറ്റ് വി‍ജ്ഞാപനത്തിലാണ് കാര്യങ്ങൾ വെളിപ്പെട്ടത്. ധലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഗസറ്റ് വിജ്ഞാപനം. 2023 മെയിലാണ് മന്ത്രി സഭാ പുഃസംഘടനയിൽ ധലിവാളിന‍് ഭരണപരിഷ്കാര വകുപ്പിന്റെയും പ്രവാസികാര്യ വകുപ്പിന്റെയും ചുമതല നൽകിയത്.

2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന നടന്നുവെങ്കിലും ധലിവാളിന്റെ രണ്ട് വകുപ്പുകളിലും മാറ്റംവരുത്തിയിരുന്നില്ല. പിന്നീടാണ് ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്ന വിവരം പുറത്തുവരുന്നത്. അതേസമയം സംഭവത്തിൽ പ്രതികരിച്ച് മന്ത്രി തന്നെ രം​ഗത്തെത്തിയിരുന്നു. പഞ്ചാബിനാണ് ആംആദ്മി പാർട്ടി പ്രഥമ പരി​ഗണന നൽകുന്നതെന്നും വകുപ്പല്ല പ്രധാനമെന്നും അദ്ദേഹം പ്രതികരിച്ചു. “അവർ ഇപ്പോൾ വകുപ്പ് നിർത്തലാക്കിയിരിക്കുന്നു. ഞങ്ങളെല്ലാം പഞ്ചാബിനെ രക്ഷിക്കാനാണ് വന്നിരിക്കുന്നത്. എനിക്ക് വകുപ്പല്ല പ്രധാനം; പഞ്ചാബാണ് പ്രധാനം” ധാലിവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ആംആദ്മിയെ രൂക്ഷമായി വിമർശിച്ച് ബിജെപി രം​ഗത്തെത്തി. എഎപി സർക്കാർ പഞ്ചാബിനെ 50 വർഷം പിന്നോട്ട് കൊണ്ടുപോയെന്ന് ബിജെപി നേതാവ് ഫത്തേജുങ് സിംഗ് ബജ്‌വ പറഞ്ഞു. “കുൽദീപ് സിംഗ് ധലിവാൾ ക്യാബിനറ്റിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണ്, അദ്ദേഹം ഇല്ലാത്ത വകുപ്പിനെ നയിക്കുന്നു, അതിനർത്ഥം ഒരു മീറ്റിംഗും നടത്തിയിട്ടില്ല. എന്ത് ഭരണ പരിഷ്കാരങ്ങളാണ് സ്വീകരിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പഞ്ചാബ് ഒരു കാലത്ത് മുന്നിൽ നിന്നിരുന്നു, ഈ ‘കോമാളികൾ’ കാരണം പഞ്ചാബ് ഇപ്പോൾ 14-ഓ 15-ാം സ്ഥാനത്താണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

അതേസമയം സംഭവത്തെ ന്യയീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രം​ഗത്തെത്തി. ആ വകുപ്പിന്റെ പേര് മാറ്റി മറ്റൊരു വകുപ്പ് സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. നേര്തതെ നേരത്തെ പേരിനു മാത്രമായിരുന്നു, ജീവനക്കാരോ ഓഫീസോ ഇല്ലായിരുന്നു. ഇപ്പോൾ, അത് ബ്യൂറോക്രസിയിലായാലും മറ്റ് മേഖലകളിലായാലും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനാണ് വകുപ്പ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.