ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വം; തരൂരിനെപ്പോലുള്ള നേതാക്കളാണ് ഇനി വരേണ്ടത്’; എം മുകുന്ദൻ
ഡോ. ശശി തരൂർ എംപി ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വമെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. പാർട്ടിയെ മറന്നു കൊണ്ടുള്ള കാഴ്ചപ്പാടുള്ള നേതാക്കളെയാണ് നമുക്ക് ആവശ്യം. ശശി തരൂർ ഏതു പാർട്ടിയിൽ ആണെങ്കിലും താൻ പിന്തുണയ്ക്കുമെന്നും എം മുകുന്ദൻ പറഞ്ഞു. ശശി തരൂർ അസാധാരണ അറിവുള്ള മനുഷ്യനാണെന്നും തരൂരിന്റേത് ആധുനികമായ കാഴ്ചപ്പാടാണെന്നും എം മുകുന്ദൻ പറഞ്ഞു.
തരൂരിനെപ്പോലുള്ള നേതാക്കളാണ് ഇനി വരേണ്ടത്. തരൂരിന്റെ ചില നിലപാടുകളോട് തനിക്ക് യോജിപ്പ് ഇല്ലെന്നും എം മുകുന്ദൻ വ്യക്തമാക്കി. എന്നാൽ തരൂർ ഏതു പാർട്ടിയിൽ ആണെങ്കിലും താൻ പിന്തുണയ്ക്കുമെന്നും അവിടെ താൻ പാർട്ടി നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂർ നല്ല കാര്യങ്ങൾ കണ്ടാൽ അനുകൂലിക്കും. ബിജെപി നല്ലത് ചെയ്താൽ തരൂർ അനുകൂലിക്കും. പിണറായി വിജയൻ നല്ലത് ചെയ്താലും അനുകൂലിക്കും. പുതിയ കാലഘട്ടത്തെ മനസ്സിലാക്കുന്ന നേതാക്കളെയാണ് നമുക്കാവശ്യമെന്ന് എം മുകുന്ദൻ പറഞ്ഞു.
പുതിയകാലത്തെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന നേതാക്കൾ വരണം. പക്ഷേ പ്രായോഗിക രാഷ്ട്രീയത്തിൽ അത് സാധ്യമല്ല. അധികാരത്തിൽ എത്താൻ ഏതു വഴിയിലൂടെയും സഞ്ചരിക്കും. നവോത്ഥാനത്തിൽ നിന്നുകൊണ്ട് നമ്മൾ ദൂരേക്ക് നോക്കണം. ശുദ്ധ രാഷ്ട്രീയം പോയി തിരികെ വരില്ലെന്നും മുകുന്ദൻ പ്രതികരിച്ചു. ഇതൊക്കെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന നേതാക്കൾ നമുക്കുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാറ്റങ്ങളൊക്കെ എല്ലാ പാർട്ടിയിലും നേതാക്കൾക്ക് അറിയാം പക്ഷേ പറയാൻ ധൈര്യപ്പെടുന്നില്ല. അതിനു ധൈര്യം കാണിക്കുന്ന ഒരേയൊരു നേതാവ് ശശി തരൂരാണെന്ന് എം മുകുന്ദൻ പറഞ്ഞു. അതുകൊണ്ടാണ് തരൂർ ഒറ്റപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയെ കണ്ടു മുന്നോട്ടുപോകണമെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഒക്കെ കേട്ടു മടുത്തെന്നും അദ്ദേഹം പറയുന്നു. പുതിയ കാലത്തിന്റെ മുദ്രാവാക്യങ്ങൾ ഉണ്ടാകണം. എഴുത്തുകാരും ചിന്തകരും രാഷ്ട്രീയത്തിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുത്തുകാർ രാഷ്ട്രീയത്തിൽ വന്നാൽ വലിയ സംഭാവനകൾ നൽകാൻ കഴിയും. രാഷ്ട്രീയത്തിൽ വരാൻ തനിക്ക് താല്പര്യം ഇല്ല. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്നതാണ് തന്റെ സ്വപ്നം. രാഷ്ട്രീയത്തിൽ ഇപ്പോഴും പുരുഷ മേധാവിത്വം. സാഹിത്യത്തിലും ഉണ്ടായിരുന്നു പുരുഷമേധാവിത്വം. പക്ഷേ അത് തകർന്നുപോയി. ഒരുപാട് നല്ല എഴുത്തുകാരികൾ ഇപ്പോൾ നമുക്കുണ്ട്. സ്ത്രീകൾ അധികാരത്തിൽ വരുമ്പോൾ അഴിമതി കുറയുമെന്ന് എം മുകുന്ദൻ പറഞ്ഞു.