NationalTop News

മഹാകുംഭമേളയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ‘ഡിജിറ്റൽ സ്നാൻ’; 1,100 രൂപ നൽകിയാൽ ത്രിവേണിയിൽ ഫോട്ടോ കുളിപ്പിച്ചു നൽകും

Spread the love

മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി അസാധാരണമായ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രാദേശിക സംരംഭകൻ. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ സേവനമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.

ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ ഫോട്ടോയുമായി ത്രിവേണി സംഗമത്തിൽ ഇദ്ദേഹം മുങ്ങിക്കുളിക്കും.

ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്‍റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്.

പ്രയാഗ്‌രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്‍റര്‍പ്രൈസസ് എന്ന തന്‍റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നു. എന്നാൽ, വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ചിലർ ഇദ്ദേഹത്തിൻറെ സേവന വാഗ്ദാനം സ്വീകരിച്ചെങ്കിലും ചുരുക്കം ചിലർ ‘പുതിയ തട്ടിപ്പ്’ എന്ന് വിശേഷിപ്പിച്ച് വിമർശിച്ചു. വിശ്വാസങ്ങളെ കച്ചവടമാക്കരുത് എന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. നിങ്ങൾ സനാധാന ധര്‍മ്മത്തെ പരിഹസിക്കുകയാണോ? നിങ്ങൾക്ക് നാണമില്ലേ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്.

ഹിന്ദുമത വിശ്വാസ പ്രകാരം 144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 -ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്.