Saturday, February 22, 2025
Latest:
NationalTop News

ആണാണെങ്കില്‍ ഒന്നുകൂടി പറഞ്ഞുനോക്കെന്ന് അണ്ണാമലൈ; ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് വായെന്ന് ഉദയനിധി; ‘ഗെറ്റ് ഔട്ട് മോദി’ ടാഗ് ട്രെന്‍ഡിംഗായതിന് പിന്നിലെ ‘വെല്ലുവിളികള്‍’

Spread the love

ഗെറ്റ് ഔട്ട് മോദി’ പ്രചാരണം ആരംഭിക്കുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ വെല്ലുവിളിച്ചതില്‍ രോഷാകുലനായി ഉദയനിധിയെ ‘ഡാ’ എന്ന് സംബോധന ചെയ്ത് തിരിച്ചും വെല്ലുവിളികളുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ആണാണെങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് പറഞ്ഞുനോക്കെടാ എന്നാണ് അണ്ണാമലൈയുടെ വെല്ലുവിളി. ഇതിനോട് പ്രതികരിച്ച് അതേ ചൂടില്‍ തന്നെ മറ്റൊരു വെല്ലുവിളിയായിരുന്നു ഉദയനിധിയുടെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമാ അണ്ണ സാലയിലേക്ക് വാ എന്നായിരുന്നു ക്ഷണം. നേതാക്കളുടെ വെല്ലുവിളി ചൂടുപിടിക്കുന്നതിനിടെ എക്‌സില്‍ ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുകയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ സംവിധാനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മോദിയ്‌ക്കെതിരെ ഉദയനിധിയുടെ വെല്ലുവിളി. തമിഴ് ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പഴയ ഗോ ബാക്ക് മോദി മുദ്രാവാക്യം പോലെ പുതിയ ഗെറ്റ് ഔട്ട് മോദി മുദ്രാവാക്യം മുഴക്കുമെന്നാണ് ഉദയനിധി പറഞ്ഞിരുന്നത്. ഇത് അണ്ണാമലയെ ചൊടിപ്പിക്കുകയായിരുന്നു.

മുത്തച്ഛനും അച്ഛനും മുഖ്യമന്ത്രിയായിരുന്നതിന്റെ ധൈര്യത്തില്‍ എന്തും പറയാമെന്ന് ഉദയനിധി കരുതേണ്ടെന്നാണ് അണ്ണാമലൈയുടെ താക്കീത്. ചുണയുണ്ടങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് ഒന്നുകൂടി പറയാന്‍ അണ്ണാമലൈ വെല്ലുവിളിച്ചു.

അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. അതേസമയം എക്‌സില്‍ ഗെറ്റ് ഔട്ട് മോദി എന്നത് ട്രെന്‍ഡിംഗ് ആയത് ഡിഎംകെ ആളെവച്ച് മനപൂര്‍വം ചെയ്യിക്കുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു. നാളെ രാവിലെ ഗെറ്റ് ഔട്ട് സ്റ്റാലിന്‍ ഹാഷ്ടാഗ് ആരംഭിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.