KeralaTop News

കണ്ടെടുത്തത് 49 കുപ്പി വിദേശമദ്യം; കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒയ്‌ക്കെതിരെ എക്‌സൈസ് കേസെടുക്കും

Spread the love

കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജെഴ്‌സനെതിരെ എക്‌സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി. ജെഴ്‌സന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. കൈക്കൂലിയായി വാങ്ങിയ പണം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് റബ്ബര്‍ ബാന്‍ഡ് ഇട്ട് ചുരുട്ടിയ നിലയിലാണ്. 60,000 രൂപയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. കൈക്കൂലി പണം ഉപയോഗിച്ചാണ് ഭൂരിഭാഗം നിക്ഷേപങ്ങളും എന്ന് പ്രാഥമിക വിലയിരുത്തല്‍.

ഇയാളുടെ വീട്ടില്‍ നിന്ന് മദ്യത്തിന്റെ വന്‍ ശേഖരം പൊലീസ് പിടിച്ചെടുത്തിരുന്നു. വിദേശനിര്‍മിത മദ്യത്തിന്റെ ശേഖരമാണ് ഒരുക്കിയിരുന്നത്. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള മദ്യം പിടിച്ചെടുത്തിരുന്നു.

ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് ആര്‍ടിഒ പൊലീസ് പിടിലായത്. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ ബസുടമയോട് മദ്യവും പണവും ആര്‍ടിഒ ആവശ്യപ്പെട്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെര്‍മിറ്റിന്റെ പേപ്പര്‍ നല്‍കാന്‍ വന്നയാള്‍ പണവും മദ്യവും കൊണ്ടുവന്നിരുന്നു. ഇത് ഒരു ഏജന്റിന് നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനിടെയാണ് ഏജന്റിനെ കസ്റ്റഡിയിലെടുത്തത്.