NationalTop News

ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

Spread the love

ഇന്ത്യയുടെ സാങ്കേതിക രംഗത്ത് ഒരു നിർണ്ണായക മുന്നേറ്റമായി രാജ്യത്തെ ആദ്യ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബറോടുകൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ്. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ പുതിയ ഗവേഷണത്തിനും വികസനത്തിനും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് സർക്കാർ 334 കോടി രൂപ അനുവദിച്ചുവെന്നും” കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഈ സുപ്രധാന നേട്ടം ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജ്ജം നൽകുന്നതിനോടൊപ്പം, രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങൾക്ക് ഒരു വഴിത്തിരിവാകുകയും ചെയ്യും. ടാറ്റ ഇലക്ട്രോണിക്സും പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും (പിഎസ്എംസി) ചേർന്ന് ഗുജറാത്തിലെ ധോലേരയിലാണ് അത്യാധുനിക സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ചിപ്പ് നിർമ്മിക്കുന്നത്. 2021 ഡിസംബറിൽ രാജ്യത്ത് സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോൺ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയിരുന്നു.

സെമികണ്ടക്ടറുകൾ, ഡിസ്പ്ലേ നിർമ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാർ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM) സ്ഥാപിച്ചിട്ടുണ്ട്. സെമികണ്ടക്ടറുകൾ വികസിപ്പിക്കുന്നതിനും, നിർമ്മാണ സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാവകാശമുണ്ട്.