കള്ളന് സമര്‍ത്ഥനെങ്കില്‍ പൊലീസ് അതിനേക്കാള്‍ സ്മാര്‍ട്ടാണ്; ബുദ്ധിമാനായ കള്ളനെ ടവര്‍ ലൊക്കേഷന്‍ മാത്രം വച്ച് പൊക്കി പൊലീസ്
അതിസമര്‍ത്ഥമായി ആസൂത്രണം ചെയ്ത ബാങ്ക് കവര്‍ച്ചാക്കേസ് പ്രതിയെ 36 മണിക്കൂറിനുള്ളില്‍ പിടിക്കാനായത് കേരള പൊലീസിന്റെ മികവിന്റെ മറ്റൊരു തെളിവാകുകയാണ്. ദിവസങ്ങളുടെ ആസൂത്രണവും ഒരു സ്കൂട്ടറും രണ്ട് ടി ഷര്‍ട്ടുകളും കൊണ്ട് പ്രതി ഒന്നര ദിവസത്തോളം പൊലീസിനെ വട്ടം ചുറ്റിച്ചെങ്കിലും ടവര്‍ ലൊക്കേഷനില്‍ നിന്ന് മൊബൈല്‍ നമ്പര്‍ പൊക്കി അതിന്റെ ചുവടുപിടിച്ചാണ് പൊലീസ് വളരെ സ്മാര്‍ട്ടായി കള്ളനെ പിടിച്ചത്. ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ ചുരുളഴിയുമ്പോള്‍ പൊലീസിന്റെ സാമര്‍ഥ്യവും മികവും സംസ്ഥാനമാകെ വീണ്ടും അഭിനന്ദിക്കപ്പെടുകയാണ്.
ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ അതേസമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ നിന്നാണ് പൊലീസ് ആരംഭിച്ചത്. ഈ നമ്പരുകളും വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കുക എന്ന അടുത്ത പടി അതിനേക്കാള്‍ പ്രയാസമേറിയതായിരുന്നു. ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിക്കുകയും ടി ഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സിസിടിവികളിലൊന്നില്‍ പതിയുകയും ചെയ്തത് പ്രതിയെ കുരുക്കി.
ബാങ്കിന് സെക്യൂരിറ്റിയില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് ഈ ബാങ്ക് തന്നെ കവര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കാന്‍ പ്രതി റിജോ ആന്റണി തീരുമാനിച്ചത്. രണ്ട് ടി ഷര്‍ട്ടുകളും ജാക്കറ്റും പ്രതി ധരിച്ചിരുന്നു. മോഷണത്തിന് 3 മിനിറ്റ് നേരം മാത്രമാണ് ഇയാള്‍ ചെലവഴിച്ചത്. ആ സമയം കൊണ്ട് കൈയില്‍ കിട്ടിയ പരമാവധി പണവുമെടുത്ത് 2 മിനിറ്റുകൊണ്ട് ദേശീയപാതയിലെത്തി. ബൈപ്പാസിലെത്തിയ പ്രതി ജാക്കറ്റും ടി ഷര്‍ട്ടും മാറ്റി. എന്നാല്‍ ഈ തെറ്റിദ്ധാരണയിലൊന്നും പൊലീസ് വീണില്ല.
സ്കൂട്ടറില്‍ കയ്യുറകളും ഹെല്‍മെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാല്‍ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതില്‍ പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്.