KeralaTop News

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും

Spread the love

മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുന‌ർനി‍ർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും. ഈ സാമ്പത്തിക വ‍ർഷം തന്നെ പദ്ധതികൾ പൂ‍ർത്തിയാക്കണമെന്ന നിബന്ധനയും ചർച്ചചെയ്യും. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണിക്കുന്നുണ്ട്.

ധനമന്ത്രി കെ.എൻ.ബാലഗോപാലിൻെറ നി‍‍ർദേശ പ്രകാരമാണ് വകുപ്പ് സെക്രട്ടറിമാ‍ർ യോഗം ചേരുന്നത്. രണ്ട് ദിവസത്തിനകം യോഗം വിളിക്കാനാണ് നി‍ർദേശം.പുനർ നിർമ്മാണ പദ്ധതികളുടെ നി‍ർവഹണ വകുപ്പുകളുടെ സെക്രട്ടറിമാരാണ് യേഗം ചേരുക.ധനകാര്യ വകുപ്പിൻെറ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിൻെറ നേതൃത്വത്തിലുളള യോഗത്തിൽ പൊതുമരാമത്ത്, റവന്യു,ജല വിഭവം, പൊതുവിദ്യാഭ്യസ വകുപ്പുകളുടെ സെക്രട്ടറിമാരാകും പങ്കെടുക്കുക.

വായ്പാ തുക ഉപയോഗിച്ച് എങ്ങനെ പദ്ധതികൾ പൂർത്തിയാക്കാം, കേന്ദ്രം നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് എങ്ങനെ പ്രവർത്തിക്കാം, സമയപരിധിയിൽ ഇളവ് നേടാൻ കേന്ദ്രത്തെ സമീപിക്കണോ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ആലോചിക്കും.സെക്രട്ടറി തല യോഗത്തിലെ നിർദേശങ്ങൾ മന്ത്രിമാരും അവലോകനം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

മന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്തേക്കും ദുരന്തമേഖലയുടെ പുനർ നിർമ്മാണത്തിന് വേണ്ടി സംസ്ഥാനം സമർപ്പിച്ച 16 പദ്ധതികൾ അംഗീകരിച്ചാണ് കേന്ദ്ര ധനമന്ത്രാലയം 529.5 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചത്.എന്നാൽ അനുവദിച്ച പണം ഈ സാമ്പത്തിക വ‍‌ർഷം തന്നെ ചെലവാക്കണം എന്ന നിബന്ധന വെച്ചതാണ് സംസ്ഥാനത്തെ കുഴക്കുന്നത്. ഈ സാമ്പത്തിക വർഷം തീരാൻ ഇനി കഷ്ടിച്ച് ഒന്നര മാസമേയുളളു. ടെണ്ട‌ർ വിളിച്ച് കരാ‍ർ നൽകി നിർമ്മാണം പൂ‍‌ർത്തീകരിക്കാൻ ഈ കാലയളവ് മതിയാകില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകാൻ സ‍ർക്കാ‍ർ ആലോചിക്കുന്നത്.