KeralaTop News

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

Spread the love

മലയാള സിനിമാ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ നിർമ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകളോടും തീരുമാനങ്ങളോടും പ്രതികരിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിന് പിന്തുണയുമായി മോഹൻലാൽ. ആന്റണി പെരുമ്പാറിന്റെ പോസ്റ്റ് ഷെയർ ചെയ്ത്, “നമുക്ക് സിനിമയ്ക്കൊപ്പം നിൽക്കാം ” എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ പിന്തുണ അറിയിച്ചിരിക്കുന്നത്.

നിർമ്മാതാക്കൾ പ്രതിസന്ധിയിൽ ആണെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണം, 100 കോടി ക്ലബ്ബെന്നത് വെറും തെറ്റായ പ്രചാരണം ആണെന്നും പറഞ്ഞ സുരേഷ് കുമാർ, വിഷയത്തിൽ ഒരു തീരുമാനം എടുത്തില്ലേൽ ജൂൺ മാസത്തോടെ തിയറ്ററുകൾ അടച്ചിട്ട സമരം ചെയ്യും എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഇതിനെ തുടർന്ന് സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്ന ആന്റണി പെരുമ്പാവൂർ, സുരേഷ് കുമാറിന്റെ പ്രസ്താവന ബാലിശവും അപക്വവും ആണെന്നും, ഇത്തരത്തിലൊരു സമരം സിനിമയ്‌ക്കെന്ത് ഗുണമാകുമെന്ന് താൻ കരുതുന്നില്ല എന്നും പറഞ്ഞു. മാത്രമല്ല സമരം സുരേഷ് കുമാർ സംഘടനയിൽ അംഗമായ തന്നോട് പോലും ആലോചിക്കാതെ ഒറ്റയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു എന്നും ആന്റണി പെരുമ്പാവൂർ ആരോപിച്ചു.

ഇതിനകം ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ്,ഉണ്ണി മുകുന്ദൻ, അജു വർഗീസ്, സംവിധായകൻ വിനയൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സുരേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ആണിപ്പോൾ മോഹൻലാലിൻറെ പ്രതികരണം.