Saturday, February 15, 2025
Latest:
NationalTop News

ട്രംപിനൊപ്പം വാർത്താസമ്മേളനത്തിൽ അദാനിയെ കുറിച്ച് ചോദ്യം; കുപിതനായി പ്രധാനമന്ത്രി മോദി; വിമർശിച്ച് രാഹുൽ

Spread the love

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള വാർത്താ സമ്മേളനത്തിനിടെ അദാനിക്കെതിരായ കേസിനെ കുറിച്ചുള്ള ചോദ്യത്തോട് അതൃപ്തിയോടെ പ്രതികരിച്ച് നരേന്ദ്ര മോദി. വ്യക്തികൾക്കെതിരായ കേസല്ല രണ്ടു നേതാക്കൾ ചർച്ച ചെയ്യുന്നത് എന്നായിരുന്നു മോദിയുടെ മറുപടി. അഴിമതി എങ്ങനെ വ്യക്തിപരമായ കേസാകുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ട്രംപ് മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ടു വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം.

ഏഷ്യയിലെ ഏറ്റവും ധനികനായ, പ്രധാനമന്ത്രിയുടെ സുഹൃത്തായി അറിയപ്പെടുന്ന ഗൗതം അദാനിക്കെതിരായ കേസിൽ നടപടി എടുക്കാൻ പ്രസിഡൻറ് ട്രംപിനോട് ആവശ്യപ്പെട്ടോയെന്നായിരുന്നു ചോദ്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ സംസ്കാരമെന്നും മറുപടിയിൽ പറഞ്ഞ മോദി ലോകത്തെയാകെ നമ്മൾ കുടുംബമായാണ് കാണുന്നതെന്നും പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും ഞാൻ എൻറേതായാണ് കാണുന്നത്. ഇത്തരം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനല്ല രണ്ടു രാഷ്ട്ര നേതാക്കൾ കാണുന്നതും സംസാരിക്കുന്നതുമെന്നും അദ്ദേഹം മറുപടി നൽകി.

അമേരിക്കൻ മാധ്യമപ്രവർത്തകനാണ് അദാനിയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. രോഷവും അതൃപ്തിയും പ്രകടമാക്കിയാണ് നരേന്ദ്ര മോദി മറുപടി നല്കിയത്. രണ്ടു നേതാക്കൾ തമ്മിൽ ഇതല്ല ചർച്ച ചെയ്യുന്നത് എന്ന് വിശദീകരിക്കാൻ നോക്കിയ മോദി, അദാനി തൻറെ മിത്രമാണെന്ന വിശേഷണം തള്ളികളയാനാണ് ശ്രമിച്ചത്. അദാനിക്കെതിരെ യുഎസ് കോടതിയിലുള്ള കേസിൽ പാർലമെൻറിലെ പ്രസംഗത്തിലും മോദി മറുപടി നൽകിയില്ല.

വിഷയത്തിൽ ഇന്ത്യയിൽ മൗനം പാലിക്കുന്ന മോദി അമേരിക്കയിൽ പ്രതികരിക്കേണ്ടി വന്നപ്പോൾ അദാനിയെ വെള്ളപൂശിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അദാനിക്ക് നൽകുന്ന സേവനങ്ങൾ മോദിക്ക് രാഷ്ട്ര നിർമ്മാണമാണ്. രാജ്യസമ്പത്ത് കൊള്ളയടിച്ചതും അഴിമതിയും എങ്ങനെ അദാനിക്കെതിരായ വ്യക്തിപരമായ കേസാകുമെന്നും രാഹുൽ ചോദിച്ചു.

അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന റാക്കറ്റ് ഇല്ലാതാക്കാൻ അമേരിക്കയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് മോദി പറഞ്ഞെങ്കിലും ഇന്ത്യക്കാരെ ചങ്ങലയിട്ടതിൽ ആശങ്ക അറിയിച്ചോ എന്നതിൽ മൗനം പാലിച്ചു. പിന്നീട് വിദേശകാര്യ സെക്രട്ടറിയും ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയക്കാനും അമേരിക്ക തയ്യാറെടുക്കുകയാണ്. നാളെയും മറ്റന്നാളുമായി രണ്ട് വിമാനങ്ങളിലായി 120 പേർ കൂടി അമൃത്സറിൽ ഇറങ്ങും എന്നാണ് സൂചന. 487 പേരുടെ പട്ടികയാണ് അമേരിക്ക നേരത്തെ കൈമാറിയത്. ഇന്ത്യയ്ക്കു മേൽ ഉയർന്ന തീരുവ ചുമത്തും എന്ന മുന്നറിയിപ്പ് ട്രംപ് മോദിയുടെ സാന്നിധ്യത്തിലും ആവർത്തിച്ചു. വ്യാപാര കരാറിനായി ചർച്ച നടത്തി ഇക്കാര്യത്തിലെ തീരുമാനം നീട്ടിക്കൊണ്ടുപോകാൻ അമേരിക്ക സമ്മതിച്ചതാണ് മോദിയുടെ സന്ദർശനത്തിലൂടെ സർക്കാരിന് കിട്ടിയ ആശ്വാസം.