പ്രധാനമന്ത്രി വീട് സന്ദര്‍ശിച്ചതിന് മുമ്പും ശേഷവും കേന്ദ്ര സര്‍ക്കാരിന് എതിരെ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്: മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ഗണപതി പൂജയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേസുകളെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
‘ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള പ്രാഥമിക മര്യാദകള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദകള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനെ ബാധിക്കില്ലെന്ന് തിരിച്ചറിയാന്‍ നമ്മുടെ സംവിധാനത്തിന് പക്വതയുണ്ട്’ – ചന്ദ്രചൂഡ് പറഞ്ഞു. പ്രധാനമന്ത്രിയും താങ്കളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന സന്ദേശമല്ലേ പൊതുജനത്തിന് ലഭിക്കുക എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കൂടിക്കാഴ്ചക്ക് മുമ്പാണ് ഇലക്ടറല്‍ ബോണ്ട് കേസില്‍ വിധി പറഞ്ഞത്. കൂടിക്കാഴ്ചക്ക് ശേഷവും സര്‍ക്കാരിന് എതിരെ നിരവധി കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ടെന്നും ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
അയോധ്യ കേസില്‍ പരിഹാരം തേടി താന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നു എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. താന്‍ ദൈവ വിശ്വാസിയാണെന്ന കാര്യം നിഷേധിക്കുന്നില്ല. ഒരു സ്വതന്ത്ര ന്യായാധിപകന്‍ ആകണമെങ്കില്‍ നിരീശ്വരവാദി ആകണമെന്നില്ല. എല്ലാ കേസുകളിലും നീതിയുക്തമായാണ് ഇടപെട്ടിട്ടുള്ളതെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവെച്ചതിനെക്കുറിച്ചും മുന്‍ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ആര്‍ട്ടിക്കിള്‍ 370 താത്കാലിക വ്യവസ്ഥയായിരുന്നു. അത് നിര്‍ത്തലാക്കാന്‍ 75 വര്‍ഷം മതിയായ കാലയളവല്ലേ എന്ന് ഡി വി ചന്ദ്രചൂഡ് ചോദിച്ചു. സുപ്രിം കോടതിക്ക് മേലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഡി വി ചന്ദ്രചൂഡ് ഉത്തരം നല്‍കി. ഒരു ജനാധിപത്യ രാജ്യത്ത് കോടതികള്‍ക്ക് പ്രതിപക്ഷത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണലും ഭരണഘടനയെ സംരക്ഷിക്കലുമാണ് കോടതികളുടെ ഉത്തരവാദിത്തമെന്നും മുന്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.