KeralaTop News

കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്ന്: 7 പേർ ​ഗുരുതരാവസ്ഥയിൽ

Spread the love

കൊയിലാണ്ടി മണക്കുളങ്ങര ഭ​ഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. 7 പേരുടെ നില ​ഗുരുതരമാണ്. 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആന ഇടയുന്നതിന് മുമ്പ് പടക്കം പൊട്ടിയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു

ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോകുൽ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർന്ന് വീണാണ് 3 പേർ മരിച്ചത്. ആയിരത്തിൽ അധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

പടക്കം പൊട്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ആന വിരണ്ടത്. ധനജ്ഞയൻ, ​ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടാ‌യിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്.