മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ പ്രണയദിനത്തില്‍ കോഴിക്കോടെത്തുന്നു; വീഡിയോ പങ്കുവച്ച് ബോബി ചെമ്മണ്ണൂര്‍
മഹാകുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണൂരില്‍ എത്തുന്നു. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. 14ന് രാവിലെ 10.30ന് താന്‍ കോഴിക്കോട് എത്തുമെന്ന് മൊണാലിസ തന്നെ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടിട്ടുണ്ട്.
ബോബി ചെമ്മണ്ണൂര്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടിക്ക് ഇങ്ങനെയൊരു അവസരം നല്‍കിയ ബോച്ചേയെ അഭിനന്ദിക്കുന്നുവെന്നുള്ള കമന്റുകള്‍ ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ പോയിട്ട് എന്തായാലും കാണാന്‍ പറ്റിയിട്ടില്ല. ഇനിയിപ്പോ ഇവടെന്നെന്നെ കാണാമെന്നും മറ്റുമുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബോബി ചെമ്മണ്ണൂരിനെ പരിഹസിച്ചുള്ള കമന്റുകളുമുണ്ട്. 15 ലക്ഷം രൂപയാണ് മൊണാലിസയെ കേരളത്തിലെത്തിക്കാനായി നല്‍കുന്നത് എന്നാണ് വിവരം..
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ. വൈറല്‍ ആയതിന് പിന്നാലെ പെണ്‍കുട്ടിയെ തേടി നിരവധി ആളുകള്‍ എത്തിയതോടെ ഉപജീവമാര്‍ഗമായിരുന്ന മാല വില്‍പ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാന്‍ എത്തുന്നവരുടെ തിക്കും തിരക്കും വര്‍ധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വിഡിയോയും ഫോട്ടോയും എടുക്കാന്‍ വരുന്നവരോട് ‘ജീവിക്കാന്‍ അനുവദിക്കില്ലേ’എന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് പെണ്‍കുട്ടിയെ പിതാവ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
മൊണാലിസ ബിഗ് സ്‌ക്രീനിലേക്കെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ ചിത്രത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം.’ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകന്‍ സംസാരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മൊണാലിസ കരാറില്‍ ഒപ്പിട്ടെന്നാണ് വിവരം. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസ പ്രകടിപ്പിച്ചിരുന്നു. കുടുംബം സമ്മതിച്ചാല്‍ സിനിമ ചെയ്യുമെന്നായിരുന്നു പ്രതികരണം. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് സനോജ് മിശ്ര. അടുത്തിടെ ഇദ്ദേഹം മൊണാലിസയെ കാണാന്‍ പോയതിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.