Top NewsWorld

119 മുറികള്‍, 70,000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പം; പ്രധാനമന്ത്രി അമേരിക്കയില്‍ താമസിക്കുന്നത് ചരിത്ര പ്രസിദ്ധമായ ബ്ലെയര്‍ഹൗസില്‍

Spread the love

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തിക്കഴിഞ്ഞു. അധികാരമേറ്റതിന് ശേഷം ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന നാലാമത്തെ വിദേശ ഭരണാധികാരിയാണ് മോദി. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്റെ ഷിഗേരു ഇഷിബ, ജോര്‍ദാന്റെ അബ്ദുള്ള രണ്ടാമന്‍ രാജാവ് എന്നിവര്‍ നേരത്തെ ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്നത് ചരിത്ര പ്രസിദ്ധമായ ബ്ലെയര്‍ഹൗസിലാണ്. വൈറ്റ് ഹൗസിന് തൊട്ട് എതിര്‍വശത്ത് 1651 പെന്‍സില്‍വാനിയ അവന്യൂവിലാണ് ബ്ലെയര്‍ ഹൗസ് സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസാണിത്. പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ ബ്ലെയര്‍ ഹൗസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ സമൂഹമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും.

എലിസബത്ത് രാജ്ഞി II മുതല്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി വരെ ഇവിടെ താമസിച്ചിട്ടുള്ള പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 70,000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലാണ് ഈ ആഡംബര സൗധം നിര്‍മിച്ചിട്ടുള്ളത്. പരസ്പരം ബന്ധിച്ചിട്ടുള്ള നാല് ആഡംബര വീടുകളാണ് ബ്ലെയര്‍ ഹൗസിലുള്ളത്. 119 മുറികളുമുണ്ട്. അതിഥികള്‍ക്കായി 14 മുറികളുള്ള ഈ അതിഥി മന്ദിരത്തില്‍ 35 ശുചിമുറികളും മൂന്ന് ഭക്ഷണ മുറികളുമാണ് ഉള്ളത്. ബ്യൂട്ടി പാര്‍ലര്‍, ലൈബ്രറിയും അടക്കം ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങള്‍ അമേരിക്കയുടെ ഈ അതിഥി മന്ദിരത്തിലുണ്ട്. മൂന്ന് പൂന്തോട്ടങ്ങളും ആകര്‍ഷണങ്ങളാണ്. 16 മുഴുവന്‍ സമയ ജീവനക്കാരാണ് ഇവിടെ അതിഥികളെ സ്വീകരിക്കാനുള്ളത്.

1824ല്‍ അമേരിക്കയിലെ ആദ്യ സര്‍ജന്‍ ജനറല്‍ ഡോ. ജോസഫ് ലോവലിന് വേണ്ടിയാണ് ബ്ലെയര്‍ ഹൗസ് നിര്‍മിച്ചത്. 1837ലാണ് സര്‍ക്യൂട്ട് കോര്‍ട്ട് ക്ലര്‍ക്കായ ഫ്രാന്‍സിസ് പ്രസ്റ്റണ്‍ ബ്ലയര്‍ 5.64 ലക്ഷം രൂപയ്ക്ക് കെട്ടിടം സ്വന്തമാക്കുന്നത്. പിന്നീട് 1942ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ഈ കെട്ടിടം ഏറ്റെടുത്തു. ഗസ്റ്റ് ഹൗസായി ഉപയോഗിക്കാനായിരുന്നു ഇത്. അതീവ സുരക്ഷാമേഖലയായ ബ്ലെയര്‍ ഹൗസില്‍ താമസിച്ചിട്ടുള്ള വരില്‍ പ്രമുഖര്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഗോള്‍ഡ മെയര്‍, യിറ്റ്സാക് റോബിന്‍, ഷിമോണ്‍ പെരസ്, ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡേ ഗൗലി, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ എന്നിവരെല്ലാമാണ്.

അമേരിക്കയിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നിര്‍ണായക വിഷയങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച ചര്‍ച്ച നടത്തും. ടെസ്ല ഉടമയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നതില്‍ ഇന്ന് നിര്‍ണായക ധാരണയുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപുമായി നടക്കാനാരിക്കുന്ന കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെ കാണുന്നുവെന്ന് വാഷിങ്ടണിലെത്തിയ ശേഷം മോദി എക്സില്‍ കുറിച്ചു. ലോകത്തിനാകെ പ്രയോജനപ്രദമായ വിധത്തില്‍ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് ഇന്ത്യക്കാരെ കാലില്‍ ചങ്ങലയണിയിച്ച് തിരിച്ചയച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തെക്കുറിച്ച് അമേരിക്കയില്‍ മോദി പ്രതികരിക്കുമോ എന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.