തോൽവിയുടെ പടിവാതിലിൽ നിന്ന് സെമിയിലേക്ക്; ആറുവർഷത്തിനുശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ
കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ. ജമ്മുവിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് തുണയായി. ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് സെമി സമ്മാനിച്ചത്. കേരളം രഞ്ജി ട്രോഫിയുടെ സെമിയിൽ എത്തുന്നത് രണ്ടാം തവണ.
ഒരു റൺ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം രഞ്ജി ട്രോഫി സെമിയിൽ എത്തുന്നത്. സൽമാൻ നിസാർ രണ്ട് ഇന്നിങ്സുകളിലും നടത്തിയ പോരാട്ടമാണ് കേരളത്തിന് തുണയായത്. സൽമാൻ നിസാറാണ് മാൻ ഓഫ് ദ മാച്ചും.
ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരേ സമനിലയായതോടെയാണ് ഒന്നാമിന്നിങ്സിൽ ഒരു റൺസിന്റെ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും ഏറ്റുമുട്ടും. സ്കോർ- ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ലയർ, കേരളം – 281, 295/6.
നേരത്തേ രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്. അതേസമയം ആദ്യ ഇന്നിങ്സിൽ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്. താരത്തിന്റെ പ്രകടനമികവിൽ ടീം ഒരു റൺ ലീഡാണ് സ്വന്തമാക്കിയത്.