SportsTop News

ഏകദിന ക്രിക്കറ്റിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം, സെഞ്ചുറിയുമായി ലോക റെക്കോര്‍ഡിട്ട് ശുഭ്മാന്‍ ഗില്‍

Spread the love

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയടിച്ച ഇന്ത്യൻ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ലോക റെക്കോര്‍ഡ്. 102 പന്തില്‍ 112 റണ്‍സടിച്ച ഗില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2500 റണ്‍സ് തികയ്ക്കുന്ന താരമായി. 2019 ജനുവരി 31ന് ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്‍ 50 ഏകദിനങ്ങളില്‍ നിന്നാണ് 2500 റണ്‍സ് പിന്നിട്ടത്.

53 ഏകദിനങ്ങളില്‍ 2500 റണ്‍സ് തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് മറികടന്നത്. മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ 25 റണ്‍സായിരുന്നു ഗില്ലിന് റെക്കോര്‍ഡിലേക്ക് വേണ്ടിയിരുന്നത്. ഗുസ് അറ്റ്കിൻസണ്‍ എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പരമ്പരയില്‍ മിന്നും ഫോമിലുള്ള ഗില്‍ ആദ്യ മത്സരത്തില്‍ 96 പന്തില്‍ 87 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ ഗില്‍ ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രണ്ടാം ഏകദിനത്തിലും അര്‍ധസെഞ്ചുറി തികച്ചു. രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ 2500 റണ്‍സിലെത്താന്‍ 85 റണ്‍സായിരുന്നു ഗില്ലിന് വേണ്ടിയിരുന്നത്. 52 പന്തില്‍ 60 റണ്‍സെടുത്ത് പുറത്തായതോടെയാണ് ഗില്ലിന് കൈയകലത്തില്‍ റെക്കോര്‍ഡ് നഷ്ടമായത്. ലോക ക്രിക്കറ്റില്‍ 50ല്‍ താഴെ ഏകദിന മത്സരങ്ങളില്‍ 2500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കാനും ഗില്ലിന് കഴിഞ്ഞ മത്സരത്തില്‍ അവസരമുണ്ടായിരുന്നു.

50 മത്സരങ്ങളില്‍ ആറ് അസെഞ്ചുറിയും 21 അര്‍ധസെഞ്ചുറികളുമാണ് ഗില്‍ ഇതുവരെ നേടിയത്. 50ല്‍ താഴെ ഏകദിനങ്ങളില്‍ 20 അര്‍ധസെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററുമാണ് നിലവില്‍ ഗില്‍.