KeralaTop News

വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം; കുട്ടിയെ കാണുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതി

Spread the love

വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് ഷെജിലിനെ കസ്റ്റഡിയില്‍ എടുത്തത്

അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐ.പി.സി 304 എ പ്രകാരം എടുത്ത കേസിലാണ് ഷെജിലിന് ജാമ്യം ലഭിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസു പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നാണ് വടകര ദേശീയപാതയില്‍ ചോറോട് വെച്ച് ഷെജില്‍ ഓടിച്ച വണ്ടി ഇടിച്ച് ദൃഷാന അബോധാവസ്ഥയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഷെജില്‍ വിദേശത്തേക്ക് കടന്നിരുന്നു. 9 മാസത്തിനു ശേഷമായിരുന്നു പ്രതിയെ കുറിച്ചോ കാറിനെ കുറിച്ചോ ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
വ്യാജരേഖ ഉണ്ടാക്കി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ശ്രമിച്ചപ്പോഴാണ് കാറിനെക്കുറിച്ചും പ്രതിയെക്കുറിച്ചും വിവരം ലഭിച്ചത്. ഈ സംഭവത്തില്‍ രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.കാറിടിച്ച കേസും വ്യാജ രേഖ ഉണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയ കേസും.ഇതില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.കുറ്റബോധം ഉണ്ടോ? കുഞ്ഞിനെ കാണുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇപ്പോഴൊന്നും പറയാനില്ലെന്നായിരുന്നു ഷെജിലിന്റെ മറുപടി. റൂറല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.