KeralaTop News

‘സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യം, കാലത്തിന് അനുസരിച്ചുള്ള നയം മാറ്റം’: ആര്‍ ബിന്ദു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവ്വകലാശാല യാഥാർത്ഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവ്വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവ്വകലാശാലയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറിനിൽക്കാനാവില്ല. സിപിഐയുടേത് എതിർപ്പല്ല, അവരുടെ അഭിപ്രായം ഉണ്ടായിരുന്നു.
ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയിൽ എത്തുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദ്ദേശത്തിൽ സിപിഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
സിപിഐ യുടെ ക്യാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകൾ എതിർക്കില്ല. സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ നിലയിലാണെന്നും ഹൃദ്യവും ഊഷ്മളവുമായിരുന്നെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.