NationalTop News

‘മഹാകുംഭമേളയ്ക്ക് ട്രെയിനിൽ കയറാനായില്ല’; ബിഹാറിൽ ട്രെയിൻ തകർത്ത് യാത്രക്കാർ

Spread the love

ബീഹാറിൽ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനിൽ കയറാൻ സാധിക്കാത്തതിൽ ട്രെയിൻ ജനാലകൾ തല്ലി തകർത്ത് യാത്രക്കാർ. മഹാകുംഭത്തിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി എക്‌സ്‌പ്രസിൽ കയറാൻ കഴിയാതെ വന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ അക്രമാസക്തരായത്.

ബീഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിലാണ് ഒരു കൂട്ടം യാത്രക്കാർ ട്രെയിനിന് നേരെ കല്ലെറിയുകയും ജനാലകൾ അടിച്ച് തകർക്കുകയും ചെയ്തത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷനിൽ എത്തിയിട്ടും വിവിധ കോച്ചുകളുടെ വാതിലുകൾ തുറക്കാതെ വന്നതോടെ ആളുകൾ രോഷാകുലരാവുകയായിരുന്നു. തുടർന്ന് ഇവർ ട്രെയിനിനു നേരെ കല്ലെറിയുകയും എസി കമ്പാർട്ട്മെന്‍റുകളുടെ ജനാലകൾ അടിച്ചു തകർക്കുകയും ചെയ്തു.

ആക്രമണത്തിൽ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റത്തോടെ യാത്രക്കാരും പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന സംഘവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടല്‍ തന്നെ നടന്നു. മധുബനി സ്റ്റേഷൻ വിട്ടതിന് ശേഷവും ട്രെയിനിന് നേരെ സമാനമായ ആക്രമണം ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിന്‍ സമസ്തിപൂർ സ്‌റ്റേഷനിൽ എത്തിയപ്പോൾ തകർന്ന ജനാലകളിലൂടെ വലിയൊരു ജനക്കൂട്ടം എസി കോച്ചുകളിലേക്ക് അതിക്രമിച്ചു കയറിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.