KeralaTop News

‘കരുവന്നൂരിൽ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ച; ഉദ്യോഗസ്ഥരും ഭരണസമിതിയും അറിയാതെ ക്രമക്കേട് നടക്കില്ല’; എംവി ​ഗോവിന്ദൻ

Spread the love

കരുവന്നൂരിൽ പാർട്ടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയ്ക്കുള്ള മറുപടിയിലാണ് വീഴ്ച സമ്മതിച്ചത്. ഉദ്യോഗസ്ഥരും ഭരണസമിതിയും അറിയാതെ കരുവന്നൂരിൽ ഇത്ര വലിയ ക്രമക്കേട് നടക്കില്ലെന്ന് പൊതുസമ്മേളന ചർച്ചക്കുള്ള മറുപടിയിൽ എംവി ഗോവിന്ദൻ പറഞ്ഞു.

കരുവന്നൂരിലെ വീഴ്ചയിൽ പാഠം ഉൾക്കൊണ്ട് സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയിൽ കരുത്ത് ആർജ്ജിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പോലീസിനെതിരായി വിമർശനങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പോലീസ് അവരുടെ പണിയെടുക്കുന്നു. പോലീസിനെതിരായ വിമർശനങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

തൃശ്ശൂരിലും വിഭാഗീയത രൂക്ഷമെന്ന് എം വി ഗോവിന്ദൻ. പുഴക്കൽ , ചാലക്കുടി, കുന്നംകുളം എന്നിവിടങ്ങളിൽ വിഭാഗീയത ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം പോലും സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമാണ് ഏരിയ കമ്മറ്റിയിൽ ഉണ്ടായതെന്നും ചർച്ചയ്ക്ക് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു. അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം വി വൈശാഖൻ അടക്കം നടപടി നേരിട്ട് പുറത്തുനിൽക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

സമ്മേളനത്തിലെ വാർത്ത ചോർത്തുന്നത് തെറ്റായ നടപടിയെന്ന് എംവി ​ഗോവിന്ദൻ വിമർശിച്ചു. 13 ജില്ലാ സമ്മേളനത്തിലും ചോരാത്ത വാർത്തകൾ തൃശൂരിൽ സംഭവിച്ചു. വാർത്ത ചോർത്തിയ വരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉള്ളത്. പെൻഷൻ വർധിപ്പിക്കാനും കൊടുക്കാനും സർക്കാരും പാർട്ടിയും തീരുമാനിച്ചിട്ടുണ്ടെന്ന് എംവി ​ഗോവിന്ദൻ സമ്മേളനത്തിൽ പറഞ്ഞു.