‘ആർക്കും വിലക്കില്ല; എല്ലാ സിനിമ പ്രേമികൾക്കും സ്വാഗതം’; പ്രചരിക്കുന്നത് നോട്ടീസ് വ്യാജമെന്ന് വനിത തിയേറ്റർ
സിനിമ റിവ്യൂവേഴ്സിനും ഓൺലൈൻ മീഡിയയ്ക്കും വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് വനിത തിയേറ്റർ. വനിതാ തിയേറ്റർ മാനേജ്മെന്റ് പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ അറിയിപ്പ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജമാണെന്നും അതുമായി തിയേറ്ററിന് ബന്ധമില്ലെന്നും വനിത തിയേറ്റർ അറിയിച്ചു.
എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും ഔദ്യോഗിക സോഷ്യൽ മീഡിയ വഴി നടത്തുന്നതായിരിക്കുമെന്ന് തിയേറ്റർ വ്യക്തമാക്കി. എല്ലാ സിനിമ പ്രേമികൾക്കും തിയേറ്ററിലേക്ക് സ്വാഗതമെന്നും എല്ലാവർക്കും സുഖപ്രദമായ തീയേറ്റർ അനുഭവം ഉറപ്പാക്കുെമന്നും തിയേറ്റർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായ ആറാട്ട് അണ്ണൻ, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടയം എന്നിവരുടെ പേര് പരമർശിച്ചായിരുന്നു വനിതാ തിയേറ്ററിന്റേതെന്ന പേരിൽ അറിയിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കഴിഞ്ഞദിവസം ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപ്രചരണം നടത്തുന്നത്.