‘ഡല്‍ഹിയില്‍ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപം’; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍
ഡല്‍ഹിയില്‍ എഎപി പരാജയപ്പെടാന്‍ കാരണം യമുനാ നദിയുടെ ശാപമെന്ന് അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയപ്പോഴായിരുന്നു സക്‌സേന ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു വിഷയങ്ങളില്‍, പ്രത്യേകിച്ച് യമുന നദീ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് സര്‍ക്കാരിന് ഒരുപാട് തവണ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചുവെന്നാണ് വിവരം.
ഇത്തരം മുന്നറിയിപ്പുകള്‍ കെജ്‌രിവാളിന്റെ പാര്‍ട്ടി അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതിഷിയോട് യമുനാ മാതാവിന്റെ ശാപമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, പുതിയ സര്‍ക്കാര്‍ രൂപീ്കരണത്തിന് വഴിയൊരുക്കി ഡല്‍ഹിയിലെ ഏഴാം നിയമസഭ സക്‌സേന പിരിച്ചുവിട്ടു.
ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുന നദിയെ വിഷലിപ്തമാക്കിയെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണം വിവാദമായിരുന്നു. അതിഷിയും യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തി. ഇതോടെ യമുന നദി തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി വച്ചു.
യമുന നദി മാലിന്യമുക്തമാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിമര്‍ശനമുന്നയിച്ചു. അഞ്ചു വര്‍ഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതില്‍ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകള്‍ കൊണ്ട് വരും, അഴിമതികള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്രിവാള്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നല്‍കിയ വാക്ക്. എന്നാല്‍ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാന്‍ ഞാന്‍ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ കെജ്രിവാളിനെ വെല്ലുവിളിച്ചത്.