‘സിനിമയുടെ വികസനത്തിനെന്ന പേരില്‍ പ്രഖ്യാപിക്കുന്ന പല പ്രൊജക്റ്റുകളും തികഞ്ഞ വഞ്ചന’; കെഎസ്എഫ്ഡിസിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡോ ബിജു
കെഎസ്എഫ്ഡിസിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ ബിജു. സിനിമയുടെ വികസനത്തിനെന്ന പേരില്‍ പ്രഖ്യാപിക്കുന്ന പല പ്രൊജക്റ്റുകളും തികഞ്ഞ വഞ്ചനയാണെന്നും സര്‍ക്കാര്‍ ഓരോ വര്‍ഷവും ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ പാഴായിപ്പോവുകയാണെന്നും ഡോ ബിജു ആരോപിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സി സ്പെയിസ് എന്ന ഒടിടി പ്ലാറ്റ് ഫോം നിര്‍മ്മാതാക്കളെ പറ്റിക്കുന്ന സ്ഥാപനമായി മാറിയെന്നും ബിജു തന്റെ സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ആരോപിക്കുന്നു.
ഐഎഫ്എഫ്‌കെയോടനുബന്ധിച്ച് നടത്തുന്ന ഫിലിം മാര്‍ക്കറ്റ് മറ്റൊരു തട്ടിപ്പാണെന്നും ബിജു ആരോപിക്കുന്നു. കെഎസ്എഫ്ഡിസി ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയണം, ചിത്രജ്ഞലി സ്റ്റുഡിയോയില്‍ ഒരു ഡോള്‍ബി മിക്സിംഗ് തിയറ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഇപ്പോഴും അത് പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഒരു ഒടിടി പ്ലാറ്റ്ഫോം നടത്താന്‍ കഴിയാത്ത ചിത്രജ്ഞലി ഡോള്‍ബി തിയേറ്റര്‍ ടിക്കറ്റ് സംവിധാനം നടത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കുമെന്ന് ആരും വിശ്വസിക്കില്ലെന്നും ബിജു ആരോപിക്കുന്നു.
ഇത്തവണത്തെ ബജറ്റില്‍ 21 കോടി രൂപയാണ് കെഎസ്എഫ്ഡിസിക്കായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 18 കോടി രൂപയായിരുന്നു. കണ്ണൂരിലും മൂന്നാറിലുമായി പുതിയ തിയേറ്റര്‍ ആരംഭിക്കാനാണ് അധിക തുക.
വനിതാ സംവിധായകര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമായുള്ള സിനിമ നിര്‍മ്മാണ സ്‌കീമില്‍ സിനിമ സംവിധാനം ചെയ്തവരെല്ലാം നിരവധി പരാതികളാണ് കെ എസ് എഫ് ഡി സിക്കെതിരെ ഉന്നയര്‍ത്തിയിരിക്കുന്നത്. സിനിമാ നിര്‍മ്മാണ്തതിന് അനുവദിക്കുന്ന തുകയില്‍ നിന്നും ഭീമമായൊരു വിഹിതം പബ്ലിസിറ്റിക്കെന്ന പേരില്‍ നിര്‍ബന്ധപൂര്‍വ്വം പിടിക്കുകയാണ്. എന്നാല്‍ പബ്ലിസിറ്റിക്കായി കെ എസ് എഫ് ഡി സി ഒന്നും ചെയ്യാറില്ലെന്നുമാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന പരാതി. ഇത്തരം വിഷയങ്ങളില്ലാം ജനശ്രദ്ധ പതിയേണ്ടതുണ്ടെന്നും ഡോ ബിജു വ്യക്തമാക്കുന്നു.