അനധികൃതമായി സൂക്ഷിച്ച പണവുമായി രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാർ പിടിയിൽ
അനധികൃതമായി സൂക്ഷിച്ച പണവുമായി രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാർ വിജിലൻസ് പിടിയിൽ. നോർത്ത് സെൻട്രൽ സോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ എംസി സാബുവും അഞ്ച് ജീവനക്കാരുമാണ് പിടിയിലായത്. ഇവരിൽ നിന്നും 33,050 രൂപയും പിടിച്ചെടുത്തു. സബ് രജിസ്ട്രാർമാരായ രാജേഷ് കെ ജി , രാജേഷ് കെ, ജയപ്രകാശ് എം ആർ , അക്ബർ പി ഓ, രജീഷ് സി എന്നിവരാണ് പിടിയിലായത്.
തൃശ്ശൂർ ശക്തൻ നഗറിൽ അശോക ഇൻ ബാറിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടയിലാണ് പിടിയിലായത്. പിടിയിലായവർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ഓഫീസിലെ പ്രതിമാസ കോൺഫറൻസിന് എത്തിയ ശേഷമാണ് ബാറിലേക്ക് ഉദ്യോഗസ്ഥർ എത്തിയത് എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ജീവനക്കാർ പിടിയിലായത്.
കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. നോർത്ത് സോൺ ഡെപ്യൂട്ടി ഇൻസ്‌പെക്ടർക്ക് വേണ്ടി കൊണ്ടുവന്ന കൈക്കൂലി പണമായിരുന്നു ഇത്. പലയിടങ്ങളിൽ നിന്ന് പിരിച്ച കൈക്കൂലി പണത്തിന്റെ വിഹിതം കൊടുക്കാൻ വന്നതാണ് ഇവരെന്ന് വിജിലൻസ് പറയുന്നു. കൈക്കൂലി പണം വിഹിതം വെക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് ബാർ ഹോട്ടലിൽ എത്തുന്നതും ഇവരിൽ നിന്ന് പണം പിടിച്ചെടുക്കുന്നതും. പിടിയിലായവരിൽ അഞ്ചു പേർ മദ്യപിച്ചിരുന്നു. ഡ്യൂട്ടി സമയത്തിനിടെയാണ് ഇവർ മദ്യപിച്ചിരിക്കുന്നത്.