മകന്റെ വിവാഹം ലളിതമാക്കി, 10000 കോടി രൂപ സാമൂഹ്യ ക്ഷേമത്തിന് നല്കി ഗൗതം അദാനി
ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയായ ഗൗതം അദാനിയുടെ ഇളയ മകന് ജീത് വിവാഹിതനായി. ദിവ ഷാ ആണ് വധു. വജ്ര വ്യാപാരിയും സി ദിനേശ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജൈമിന്‍ ഷായുടെ മകളാണ് ദിവ. 2023 ഒരു സ്വകാര്യ പരിപാടിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ചെറിയ ചടങ്ങില്‍ ആയിരുന്നു വിവാഹം. പരമ്പരാഗത വസ്ത്രങ്ങളാണ് വരനും വധുവും ചടങ്ങിന്റെ ഭാഗമായത്.
വിവാഹ ചടങ്ങ് പരമാവധി ലളിതമാക്കി നടത്തിയ ഗൗതം അദാനി, തന്റെ സമ്പത്തില്‍ നിന്ന് 10000 കോടി രൂപ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനായി നല്കി. ആരോഗ്യം വിദ്യാഭ്യാസം നൈപുണ്യ പരിശീലനം രംഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പണം നല്‍കിയത്. ഗുജറാത്തിലെ ശാന്തി ഗ്രാമില്‍ ഒരു ജൈന്‍ ക്ഷേത്രത്തില്‍ ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ശനിയാഴ്ച തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു പാര്‍ട്ടിയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
കരണ്‍, ജിത്ത് എന്നിങ്ങനെ രണ്ട് മക്കളാണ് ഗൗതം അദാനിക്ക്. സിറില്‍ അമര്ച്ചന്ത് മംഗള്‍ദാസ് പാര്‍ട്ണറായ അഭിഭാഷക പരിധിയാണ് കരണിന്റെ ജീവിതപങ്കാളി. അദാനി എയര്‍പോര്‍ട്ട് ബിസിനസിന്റെ ചുമതലയാണ് ജീത്തിന്. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹം 2019ല്‍ മുതലാണ് അദാനി ഗ്രൂപ്പിലൂടെ ബിസിനസ് രംഗത്തേക്ക് എത്തിയത്.