‘ഇത് ചരിത്ര വിജയം; ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചു, ദുരന്ത മുക്തമാക്കി’; പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ആരാജകത, ആഡംബരം, അഹങ്കാരം എന്നിവ പരാജയപ്പെട്ടു. അതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ രാവും പകലുമുള്ള പരിശ്രമം ഉണ്ട്. വിജയത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്ന് സന്ദേശം കൂടിയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം. കുറുക്കുഴി രാഷ്ട്രീയം ജനങ്ങള്‍ തൂത്തെറിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ഡല്‍ഹി നിരാശപ്പെടുത്തിയിട്ടില്ല. മൂന്നു തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴില്‍ ഏഴു സീറ്റ് നല്കി. ഡല്‍ഹിയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സേവിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ഡല്‍ഹിയിലെ ജനങ്ങള്‍ ഇന്ന് മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനുശേഷം ഹരിയാനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. മഹാരാഷ്ട്രയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതി – പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയെ ‘ മിനി ഹന്ദുസ്ഥാന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഡല്‍ഹി വെറുമൊരു നഗരമല്ലെന്നും മിനി ഹിന്ദുസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലായിടത്തും നിന്നുള്ള ആളുകളും ഡല്‍ഹിയില്‍ ഉണ്ട്. ഈ വൈവിധ്യങ്ങള്‍ ഉള്ള ഡല്‍ഹി, ഇന്ന് ബിജെപിക്ക് പൂര്‍ണ്ണ ഭൂരിപക്ഷം നല്കി. എല്ലാ ഭാഷ സംസാരിക്കുന്നവരും,എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്തു. എവിടെപ്പോയാലും പറയും പൂര്‍വ്വാഞ്ചലില്‍ നിന്നുള്ള അംഗമാണ് എന്ന് – അദ്ദേഹം വ്യക്തമാക്കി.
എവിടെ എന്‍ഡിഎ ഉണ്ടോ അവിടെ സദ്ഭരണമുണ്ടെന്ന് ലോകത്തിനു മുഴുവന്‍ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങള്‍ രാവും പകലും ഡല്‍ഹിയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത പാര്‍ട്ടി മെട്രോയുടെ വികസനം മുന്നോട്ടു കൊണ്ടു പോകുന്നത് തടഞ്ഞു, പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നത് തടഞ്ഞു, ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണവും ഡല്‍ഹി നിവാസികള്‍ക്ക് ലഭിച്ചില്ല. ജനങ്ങള്‍ വീണ്ടും ഡബിള്‍ എന്ജിന് സര്‍ക്കാരിനെ തെരഞ്ഞെടുത്തു – മോദി ആരോപിച്ചു.
സദ്ഭരണത്തിന്റെ ഗുണം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ്ഗത്തിനും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഡല്‍ഹിയില്‍ പാവപ്പെട്ടവരും മധ്യവര്‍ഗവും ബിജെപിക്ക് മികച്ച പിന്തുണ നല്‍കിയെന്നും ബിജെപി എപ്പോഴും മധ്യവര്‍ഗത്തിന് മുന്‍തൂക്കം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ പിന്തുണ ബിജെപിയുടെ ഏറ്റവും വലിയ രക്ഷാകവചമെന്നും ഡല്‍ഹിയിലെ നാരിശക്തി തന്നെ അനുഗ്രഹിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒഡീഷയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും എല്ലാ സംസ്ഥാനങ്ങളിലും കോടിക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞങ്ങളുടെ പദ്ധതികളുടെ ഗുണം ലഭിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കപ്പെടും അത് മോദിയുടെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ മുദ്രാവാക്യവുമായി വന്നവര്‍ തന്നെ അഴിമതിക്കാരായി മാറിയെന്നും മോദി പറഞ്ഞു. ദുരന്ത പാര്ട്ടിക്കാര് രാഷ്ട്രീയം മാറ്റുമെന്ന് അവകാശപ്പെട്ടാണ് വന്നത്, പക്ഷേ അവര്‍ സത്യസന്ധരല്ലെന്ന് തെളിഞ്ഞു. ആംദ്മി നേതാക്കളുടെ ദുഷ്പ്രവൃത്തികള്‍ മൂലമുണ്ടായ വേദന അണ്ണാ ഹസാരെ സഹിച്ചുകൊണ്ടിരുന്നു. ഇന്ന്, അദ്ദേഹത്തിനും ആശ്വാസം ലഭിച്ചിട്ടുണ്ടാകും – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.