‘CPIM ഭരിക്കുന്ന കേരളത്തിൽ BJPക്ക് വോട്ടുവിഹിതം 20 ശതമാനം, ബിജെപി ഭരിക്കാൻ പോകുന്ന ഡൽഹിയിൽ സിപിഐഎമ്മിന് ലഭിച്ചത് 0.01 ശതമാനം’: കെ. സുരേന്ദ്രൻ
ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം ഭരിക്കുന്ന കേരളത്തിൽ ബി. ജെ. പിക്ക് ലഭിക്കുന്ന വോട്ടുവിഹിതം ഏതാണ്ട് 20 ശതമാനം. ബി. ജെ. പി ഭരിക്കാൻ പോകുന്ന ഡൽഹിയിൽ സിപിഐഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ട്. അതും 22 മണ്ഡലങ്ങളിൽ മലയാളികൾക്കു നിർണ്ണായകമായ വോട്ടുള്ള ഡൽഹിയിലെന്നും സുരേന്ദ്രൻ വിമർശിച്ചു.
അരവിന്ദ് കേജരിവാളിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണ് ഡൽഹിയിൽ ഉണ്ടായത്. കേജരിവാളിന്റെയും സിസോദിയയുടേയും തോൽവിയോടെ ആംആദ്മി പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കേജരിവാളിന് വേണ്ടി കേരളത്തിൽ പ്രതിഷേധിച്ച യുഡിഎഫിനും എൽഡിഎഫിനും മുഖത്തേറ്റ പ്രഹരമാണിതെന്നും അഴിമതിക്കാർക്ക് നൽകുന്ന ശക്തമായ സന്ദേശമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്. വെറും പ്രാദേശിക പാർട്ടി മാത്രമായി മാറിയ കോൺഗ്രസിന് പ്രതിപക്ഷത്തെ നയിക്കാനുള്ള ധാർമ്മികമായ അവകാശം പോലും നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.