‘തലസ്ഥാനവും കീഴടക്കി ബിജെപി, ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നു’: പ്രധാനമന്ത്രി
ഡൽഹി ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര വിജയത്തിന് ഡൽഹിയെ അഭിനന്ദിക്കുന്നു. ഡൽഹിയുടെ വികസനം ഉറപ്പുവരുത്തും. വികസനവും സദ്ഭരണവും വിജയിച്ചു. . ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധി. ഡൽഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ എത്താൻ ഒരുങ്ങുന്നതിനാൽ ഇന്ന് വൈകുന്നേരം 8 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്ത് വൈകുന്നേരം 7:45 ഓടെ അദ്ദേഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന് ശേഷമാണ് ആംആദ്മി പാർട്ടി ഡൽഹിയിൽ നിന്ന് പുറത്താവുന്നത്. അഴിമതിക്കെതിരെ രംഗത്തുവന്ന പാർട്ടി അഴിമതിക്കേസുകളിൽ മുങ്ങിയതോടെ ജനം തിരിച്ചടി നൽകുകയായിരുന്നു. ആകെയുള്ള 70 സീറ്റുകളിൽ 22 സീറ്റുകളിലൊതുങ്ങുകയും ആംആദ്മിയുടെ സ്ഥാപകനേതാക്കളായ അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും ദയനീയമായി പരാജയപ്പെട്ടു.
മുഖ്യമന്ത്രി അതിഷി മാത്രമാണ് കനലൊരു തരിയായി അവശേഷിച്ചത്. തുച്ഛമായ വോട്ടുകൾക്ക് അതിഷി വിജയിച്ചു. കോൺഗ്രസിനും സീറ്റൊന്നും നേടാനായില്ല. 48 സീറ്റുകളിലും നേട്ടം കൊയ്ത ബിജെപി 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ അധികാരത്തിൽ വരുന്നത്.