Saturday, February 8, 2025
Latest:
NationalTop News

അഴിമതിക്കെതിരെ ഉയര്‍ന്നു വന്ന പാര്‍ട്ടി; അതേ അഴിമതി ആരോപണങ്ങളിൽ വീണപ്പോൾ

Spread the love

പ്രത്യയശാസ്ത്രത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ അല്ല, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധിയിൽ നിന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പിറവി. എല്ലാ ചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂലിന്റെ ചിഹ്നത്തില്‍ വന്ന പാര്‍ട്ടിയെ മധ്യ വർഗ്ഗ വിഭാഗങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയക്കാരില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവാണെന്ന പ്രചരണങ്ങള്‍ക്ക് ഭിന്നമായി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു പാര്‍ട്ടി നേതാക്കളിൽ പലരും. ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ആംആദ്മി ദേശീയ ശ്രദ്ധാകേന്ദ്രമായത്. അന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുമുണ്ടായിരുന്നു.

പൊതു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍, ജഡ്ജിമാര്‍ തുടങ്ങി പലരും അഴിമതിക്കാരാണ്. ഇന്ത്യ അഴിമതിക്ക് എതിരാണ് (ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്ന സമയങ്ങളില്‍ പോരാടാന്‍ കെജ്‌രിവാള്‍ ഉണ്ടായിരുന്നു.കാര്യക്ഷമമായ ഭരണം എന്ന കെജ്‌രിവാളിൻ്റെ വാഗ്‌ദാനം അമൂർത്തമായ രാഷ്ട്രീയ ആദർശങ്ങളെക്കാൾ ഭൗതികമായ പ്രയാസങ്ങളെ അഭിസംബോധന ചെയ്‌തതുകൊണ്ടാണ്.

ആം ആദ്‌മികള്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് വിഐപി സൗകര്യങ്ങള്‍ ഒന്നും വേണ്ടെന്നായിരുന്നു ആപ് നേതാക്കള്‍ ഭരണത്തിലേറിയപ്പോള്‍ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന്. മധ്യവര്‍ഗത്തേയും ചേരി നിവാസികളേയും കൈയിലെടുക്കാനുള്ള വിദ്യകളൊന്നും കെജ്‌രിവാള്‍ പാഴാക്കിയിരുന്നില്ല. ഡല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ബില്ലടക്കാന്‍ വിസമ്മതിച്ചു കൊണ്ടായിരുന്നു കെജ്‌രിവാള്‍ സമരം നടത്തിയത്. അങ്ങിനെ വൈദ്യുതി വിഛേദിക്കപ്പെട്ട വീടുകളില്‍ ആപ്പ് നേതാക്കള്‍ നേരിട്ടെത്തി വൈദ്യുതി പുനസ്ഥാപിച്ചു നല്‍കി. തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റിയ നേതാക്കള്‍ ഇവരാണെന്ന് തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ മധ്യവര്‍ഗവും ചേരി നിവാസികളും ന്യൂനപക്ഷവും ഒറ്റക്കെട്ടായി ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നു. കെജ്‌രിവാളിന്റെ ആശയങ്ങള്‍ വ്യാപകമായി മധ്യ വർഗ്ഗത്തിനിന്റെയും ന്യുനപക്ഷങ്ങളുടെയും നെഞ്ചിൽ തുളച്ചുകയറി.

അക്കാലത്ത് അഴിമതിയിൽ മുങ്ങിയിരുന്ന ഡൽഹിയിൽ അഴിമതി വിരുദ്ധത്തിനെതിരെയുള്ള പോരാട്ടം ആംആദ്മിക്ക് ഉണ്ടാക്കികൊടുത്ത മൈലേജ് അത്ര ചെറുതൊന്നുമല്ല. പിന്നാലെ വന്ന 2014ലെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ആംആദ്മി അധികാരത്തിലെത്തി. പഞ്ചാബില്‍ ഭരണപക്ഷത്തെത്തിയ ആംആദ്മി ഹരിയാന, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് പടർന്നു പന്തലിച്ചു. പിന്നീടുനടന്ന 2022ലെ സംസ്ഥാന തെരഞ്ഞെടുപ്പിലും ബിജെപിയുടെ ഹൃദയഭൂമിയില്‍ നിന്നും വോട്ടുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയായി ആംആദ്മി മാറി. ഇതോടുകൂടി ബിജെപിയുടെ ശത്രുപക്ഷത്തായി ആംആദ്മിയും.

അതേസമയം, ഡൽഹിയിൽ കഴിഞ്ഞ മൂന്ന് തവണയും അഴിമതിക്കെതിരെ പോരാട്ടം നടത്തി മുന്നിൽ വന്ന പാർട്ടി അതേ അഴിമതിയുടെ പേരിൽ ഭരണം കടപുഴക്കുന്ന കാഴ്‌ചയാണ് ഡല്‍ഹി നിയമാസഭാ തെരഞ്ഞടുപ്പില്‍ കാണുന്നത്. മദ്യനയ അഴിമതി തുടങ്ങി യമുനയിലെ വിഷജല പരാമർശം വരെ ബിജെപിയുടെ മുന്നിൽ ആംആദ്മി പാർട്ടിയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. എഎപിക്ക് അനുകൂലമായ ന​ഗരമേഖലകളിൽ പോളിങ് കുറഞ്ഞതും ഔട്ടർ ഡൽഹിയിൽ പോളിങ് കൂടിയതും ബിജെപിക്ക് അനുകൂലമായി. അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിലെത്തിയ എഎപി രാജ്യം കണ്ട ഏറ്റവും വലിയ മദ്യനയ അഴിമതിക്കു നേതൃത്വം നൽകിയെന്ന രീതിയിലായിരുന്നു ബിജെപിയുടെ പ്രചാരണം.

എന്നാൽ പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്നാണ് അണ്ണാ ഹസാരെയുടെ പ്രതികരണം. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു.തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്ബോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണം. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ വ്യക്തമാക്കി.