27 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുത്ത് ബിജെപി
27 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനിടയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന പ്രസ്താവനയും നേതാക്കളിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ വ്യക്തമാക്കി.വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ വിജയാഘോഷം തുടങ്ങി. ബിജെപിയുടെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്. ന്യൂഡൽഹിയിൽ സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ മുന്നിൽ. മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മുന്നിൽ തന്നെയാണ്.
മുസ്തഫാബാദ്, ഓഖ്ല, ബല്ലിമാരൻ എന്നിവിടങ്ങളിൽ ബിജെപി മുന്നിലാണ്. ബിജെപിയുടെ ഉമംഗ് ബജാജ് രാജിന്ദർ നഗർ മണ്ഡലത്തിൽ 3200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.ആകെ 13 റൗണ്ടുകളിൽ നാല് റൗണ്ടുകളാണ് ആകെ പൂർത്തിയായിരിക്കുന്നത്.ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ ലീഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്. അതേസമയം ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ കോൺഗ്രസ്. പോസ്റ്റൽ വോട്ടുകൾ എണ്ണ തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ ആധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണാനാകുന്നത്.