ഗസ്സ വെടിനിർത്തൽ; അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്; ഹമാസ് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും
ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രയേൽ 183 പലസ്തീനി തടവുകാരെ മോചിപ്പിക്കും. ജനുവരി 19-ന് വെടിനിർത്തൽ ആരംഭിച്ചശേഷം നാലു ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന്റെ സമയത്ത് 33 ബന്ദികളെ ഹമാസും 1900 പലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നാണ് കരാർ. 33 ബന്ദികളിൽ എട്ടുപേർ മരണപ്പെട്ടുവെന്നാണ് ഇസ്രയേൽ പറയുന്നത്. ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ മാസങ്ങളായി നീണ്ട ചർച്ചകൾക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.
2023 ഒക്ടോബർ 7 മുതൽ ബന്ദികളാക്കിയവരെയാണ് ഹമാസ് വിട്ടയക്കുന്നത്. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദി കൈമാറ്റം. ഗസ്സയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനിൽക്കുക. ഹമാസ് മോചിപ്പിച്ച ബന്ദികളായ ഓരോ സ്ത്രീകൾക്കും പകരമായി 50 പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും.വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.