വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി
തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നതായി യുവതി പറയുന്നു.
വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്. ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയെയും മക്കളെയും വീടിന് പുറത്താക്കി വീട് പൂട്ടി ഭർത്താവ് സ്ഥലം വിടുന്നത്. പ്രൊട്ടക്ഷൻ ഓർഡർ നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. ഒരു കാരണവശാലും വീട് തുറന്നുകൊടുക്കില്ലെന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കിയിരുന്നു.