പകുതി വില തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു; വഞ്ചന കുറ്റം ഉള്‍പ്പെടെ ചുമത്തി എഫ്‌ഐആര്‍
നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് എടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റത്തിനുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ, സിഎസ്ആര്‍ തട്ടിപ്പിന് നേരിട്ട് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ നജീബ് കാന്തപുരമെന്ന് ഡോ പി സരിന്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി – കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ ആണെങ്കില്‍, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ എംഎല്‍എ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നുവേണം മനസിലാക്കാനെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ആരോപണത്തിന് പിന്നാലെ എംഎല്‍എ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തി. പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പ്രതികരണം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്.അവര്‍ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാര്‍ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്. അനന്തുകൃഷ്ണന്‍ മാത്രമല്ല ഈ തട്ടിപ്പില്‍. ഞങ്ങളും ഇതില്‍ ഇരയായവര്‍ ആണ്. സെപ്റ്റംബര്‍ മാസത്തില്‍ ആണ് അവസാനം ആയി പണം കൊടുത്തത്. സാധനം കിട്ടാതായപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് അറിയിച്ചു. CSR ഫണ്ട് പാസായി ഉടന്‍ നല്‍കും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞു.
അതേസമയം, നജീബ് കാന്തപുരം മാത്രമാണ് വിശദീരണവുമായി വന്നത്,വേറെ ഒരു എംഎല്‍എക്കും ഇങ്ങനെ പറയേണ്ടി വന്നില്ലെന്ന് പി സരിന്‍ വീണ്ടും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.