KeralaTop News

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കും: ധനമന്ത്രി

Spread the love

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റിലെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന രേഖയാണ് സിറ്റിസണ്‍ ബജറ്റ്. ലിംഗനീതിയ്ക്കും ശിശുസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ജെന്‍ഡര്‍ ആന്‍ഡ് ചൈല്‍ഡ് ബജറ്റിന് പുറമെ പരിസ്ഥിതി ബജറ്റും ഗവേഷണ ബജറ്റും കഴിഞ്ഞ വര്‍ഷം മുതല്‍ അവതരിപ്പിച്ചുവരികയാണ്. ഇതിനൊപ്പമാണ് സിറ്റിസണ്‍ ബജറ്റ് കൂടി ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബജറ്റിലെ വിവരങ്ങള്‍ ലളിതമാക്കി അവതരിപ്പിക്കുന്നതുവഴി സര്‍ക്കാര്‍ പൊതുപണം എങ്ങനെ വിനിയോഗിക്കുന്നുവെന്നും ചെലവുകള്‍ എന്തെല്ലാമെന്നും ജനങ്ങള്‍ക്ക് മനസിലാകുന്നു. ഇത് ജനപ്രതിനിധികള്‍ പൊതുപണം കൂടുതല്‍ ഉത്തരവാദിത്തതോടെ ചെലവഴിക്കാന്‍ സഹായിക്കുന്നു. സ്വന്തം ജീവിതത്തെ ബജറ്റ് എന്തെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്ന് പൗരന്മാര്‍ക്ക് ബോധ്യപ്പെടാനും സാമ്പത്തിക രംഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകളുണ്ടാകാനും സിറ്റിസണ്‍ ബജറ്റ് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

വരുമാന വര്‍ധനവിന് ഊന്നല്‍ നല്‍കുന്നതാണ് കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ്.ഭൂനികുതി പരിഷ്‌കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.നിലവിലുള്ള നികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും.ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുന ക്രമീകരിക്കുമെന്നാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.വില അനുസരിച്ചായിരിക്കും നികുതിയില്‍ മാറ്റം വരുക.

15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും. ഈ നികുതി വര്‍ധനവിലൂടെ 30 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും പരിഷ്‌കരിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്നത് 15 കോടി രൂപയുടെ അധിക വരുമാനമാണ്.സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.15 വര്‍ഷം കഴിഞ്ഞ ബൈക്ക്,മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.വി.കെ മോഹനന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോടതി ഫീസും കൂട്ടിയിട്ടുണ്ട്.ഹൈകോടതിയില്‍ ഫയല്‍
ചെയ്യുന്ന ഹേബിയസ് കോര്‍പ്പസ്,പൊതു താല്‍പര്യ ഹര്‍ജികള്‍ക്ക് നിലവിലുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്.