KeralaTop News

‘പൊള്ളയായ ബജറ്റ്, പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി’: വി.ഡി സതീശൻ

Spread the love

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.യാഥാർഥ്യബോധമില്ലാത്ത ബജറ്റ്. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു.

പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നല്‍കുന്നതാണ് പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ബജറ്റ് ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.