‘കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതുകൊണ്ടാണ് ക്ഷേമപെൻഷൻ ഉയർത്താൻ കഴിയാത്തത്’: ധനമന്ത്രി
കേരളത്തിൻ്റെ ധനസ്ഥിതിയിൽ പുരോഗതി ഉണ്ട് എന്നാണ് ബജറ്റിൽ വ്യക്തമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻറെ ഭാവി വികസനത്തിനുള്ള ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഉണ്ട്. പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കപട കാര്യങ്ങളോ ഇല്ലാത്ത കാര്യങ്ങളോ അല്ല ബജറ്റിൽ അവതരിപ്പിച്ചത്.
ഭൂനികുതി ഉയർത്തിയത് സാധാരണക്കാരെ ബാധിക്കില്ല.ടോൾ തീരുമാനിച്ചിട്ടില്ല.കിഫ്ബിയിൽ റവന്യൂ ജനറേറ്റിംഗ് മാർഗ്ഗങ്ങൾ അവലംബിക്കും. ക്ഷേമ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കും. അതിന് പ്രഥമ പരിഗണന. 3000 കോടി കണ്ടിട്ടുണ്ട്.കേന്ദ്രം പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതു കൊണ്ടാണ് ക്ഷേമപെൻഷൻ ഉയർത്താൻ കഴിയാത്തത്. 2500 രൂപ യാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കുട്ടികൾ കുറയുന്നു. കാരണം കുടിയേറ്റമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം കേരളത്തിൽ ജനിച്ചത് 3.48 ലക്ഷം കുട്ടികൾ. 2014ൽ 5.34 ലക്ഷമായിരുന്നു. 20 വർഷം മുമ്പ് പ്രതിവർഷം ആറുലക്ഷത്തിനു മുകളിൽ കുട്ടികൾ കേരളത്തിൽ ജനിച്ചിരുന്നു. കുടിയേറ്റത്തെ ഇതുമായി ചേർത്തു വായിക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
എല്ലാത്തരം പ്രവാസത്തെയും കണ്ണുമടച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനം തിരുത്തണം. വിദേശത്ത് അഭിലഷണീയമല്ലാത്ത സാഹചര്യങ്ങളിൽ മലയാളികൾ പണിയെടുക്കുന്നു. പ്രവാസം ഒട്ടേറെ പേർക്ക് വലിയ നഷ്ടക്കച്ചവടമായി തീരുന്നു. വിദേശ തൊഴിൽ കമ്പോളത്തെ കുറിച്ച് ശരിയായ ധാരണയില്ലാതെയാണ് കുടിയേറ്റം. വിദ്യാർത്ഥി കുടിയേറ്റത്തിലും പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.