KeralaTop News

EMI ഭാരം കുറയും; അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

Spread the love

അഞ്ച് വര്‍ഷത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. 6.25 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫസിലിറ്റി ( എസ്ഡിഎഫ്) ആറ് ശതമാനമാകും. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫസിലിറ്റി ( MSF) നിരക്ക് 6.5 ശതമാനമായിരിക്കും. സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍ ആയതിനുശേഷമുള്ള ആദ്യ നിര്‍ണായക പ്രഖ്യാപനമാണിത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടിസ്ഥാന പലിശ നിരക്ക് കുറച്ചതോടെ ഇഎംഎ അടവുകളില്‍ സാധാരണക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെ പ്രതിമാസ അടവ് കാല്‍ശതമാനത്തോളം കുറയും.

പണനയകമ്മിറ്റിയുടെ കഴിഞ്ഞ 11 മീറ്റിംഗുകളിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ടായിരുന്നില്ല. 2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കുകയായിരുന്നു. നാല് ശതമാനമാണ് അന്ന് കുറച്ചത്. പിന്നീട് റിപ്പോ 6.50 ശതമാനമായി ഘട്ടങ്ങളായി ഉയര്‍ത്തുകയായിരുന്നു. വരുംനാളുകളില്‍ പണപ്പെരുപ്പം കുറഞ്ഞ് ആര്‍ബിഐ ലക്ഷ്യം വയ്ക്കുന്ന നാല് ശതമാനമെന്ന നിരക്കിലേക്ക് എത്തുമെന്നാണ് ആര്‍ബിഐ കണക്കാക്കുന്നത്.