അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യം വയ്ക്കുന്നുവെന്ന് ട്രംപ്; കോടതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലിനേയും അമേരിക്കയേയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിമിനല്‍ കോടതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇനി ഔദ്യോഗികമായി അമേരിക്കയില്‍ പ്രവേശിക്കാനാകില്ല. അന്താരാഷ്ട്ര കോടതി തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഉപരോധ ഉത്തരവില്‍ ട്രംപ് അപലപിച്ചു.
യുഎസ് പൗരന്മാരുമായോ സഖ്യകക്ഷികളുമായോ ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണങ്ങളില്‍ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വിലക്കാനാണ് നടപടിയെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ തുടങ്ങിയവയ്‌ക്കെതിരെ നടപടി സ്വീകരിക്കാനാണ് 2002ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിതമായത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗത്വമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളിലും ഈ രാജ്യങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലും കോടതിയ്ക്ക് നടപടിയെടുക്കാനാകും. ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും മുന്‍ പ്രതിരോധമന്ത്രിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ട്രംപ് കോടതിക്കെതിരെ ഇപ്പോള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.