പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് അനന്തു കൃഷ്ണൻ; കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്
പാതി വില തട്ടിപ്പിൽ ഫണ്ട് ലഭിച്ചെന്ന് പ്രതി അനന്തു കൃഷ്ണൻ അവകാശപ്പെടുന്ന
കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ്. തന്റെ അക്കൗണ്ടുകളിലേക്ക് എത്തിയത് സിഎസ്ആർ ഫണ്ട് തന്നെയെന്ന് ആവർത്തിക്കുകയാണ് അനന്തു കൃഷ്ണൻ.
നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്ണന്റെ ബാങ്ക് സ്റ്റേറ്റ്മെമെന്റുകളിൽ ഇല്ല. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘം നൽകിയ പരാതിയിലാണ് കേസ്. പറവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണന് ഒപ്പം ഒരു ഡോക്ടറും പ്രതിയാണ്. ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയാണ് പ്രതി ചേർത്തത്. 42 പരാതികളിലാണ് പറവൂരിൽ കേസെടുത്തത്.
തട്ടിപ്പ് അല്ലെന്നും എല്ലാവർക്കും പണം തിരികെ നൽകുമെന്നും അനന്തു കൃഷ്ണൻ ആവർത്തിക്കുകയാണ്.ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ല. കുന്നത്തുന്നാട് 130 പേരുടെ പരാതിയിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകളുടെ എണ്ണം പെരുകുകയാണ് .
അതേസമയം സിഎസ്ആര് ഫണ്ടിന്റെ മറവിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ . പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് പറഞ്ഞു. കൂട്ടു പ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. ബന്ധുക്കളുടെ പേരിൽ പണം കൈമാറി. അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ട്. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. രണ്ട് കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.